kiran-
കിരൺ

കൊല്ലം :കൊല്ലത്തെ സ്വകാര്യ വനിതാ കോളേജിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ കടന്ന് പിടിച്ച യുവാവ് അറസ്റ്റിൽ. കടപ്പാക്കട കൈരളി നഗർ - 13 ൽ കിരണാണ് (20) പൊലീസിന്റെ പിടിയിലായത്. കോളേജ് വിദ്യാർത്ഥിനി ഇയാളോടുള്ള സൗഹൃദം വീട്ടുകാരുടെ നിർദ്ദേശത്തെ തുടർന്ന് അടുത്തിടെ അവസാനിപ്പിച്ചിരുന്നു. ഇതിൽ പ്രകോപിതനായ യുവാവ് കഴിഞ്ഞ ദിവസം ബിരുദ പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിനിയെ കാമ്പസിൽ അതിക്രമിച്ച് കയറി കോളേജിന്റെ പൊളിഞ്ഞ മതിലിലൂടെ വലിച്ചിഴച്ച് പുറത്തെത്തിക്കാൻ ശ്രമിക്കുകയായിരുന്നു. മറ്റ് വിദ്യാർത്ഥിനികളും അദ്ധ്യാപകരും ചേർന്നാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടർ ആർ. രതീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ആർ.രജീഷ്, എസ്.സി.പി.ഒ ജലജ, സി.പി.ഒ ബിനു, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.