aneesh-
അനീഷ് കുമാർ

കൊല്ലം: മദ്യലഹരിയിൽ പൊതുസ്ഥലത്ത് അസഭ്യവർഷം നടത്തിയത് വിലക്കിയ പഞ്ചായത്തംഗത്തെ ആക്രമിക്കുകയും ജാതിപറഞ്ഞ് ആക്ഷേപിക്കുകയും ചെയ്ത ബി.എസ്.എഫ് ജവാൻ റിമാൻഡിൽ. കല്ലുവാതുക്കൽ വേളമാനൂർ പൂവത്തൂർ ആശാ ഭവനിൽ അനീഷ് കുമാർ (35) ആണ് പിടിയിലായത്. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഹരീഷ് പൂവത്തൂർ നൽകിയ പരാതിയിലാണ് അറസ്റ്റ്.

പൊലീസ് പറയുന്നത്: ഇയാൾ അവധിക്കു നാട്ടിലെത്തിയതു മുതൽ ഭാര്യയുമായി നിരന്തരം വഴക്കിലായിരുന്നു. കഴിഞ്ഞ മൂന്നിന് ഭാര്യയെയും മക്കളെയും ക്രൂരമായി ഉപദ്രവിച്ചു. അവശയായ ഭാര്യയെ പൊലീസ് സഹായത്തോടെ ബന്ധുക്കൾ ആശുപത്രിയിലാക്കി. ഭാര്യയുടെയും ബന്ധുക്കളുടെയും പരാതിയിൽ ഇയാൾക്കെതിരെ സ്ത്രീധന പീഡന നിരോധന നിയമ പ്രകാരം പാരിപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആശുപത്രി വിട്ട ഭാര്യയെയും മക്കളെയും ബന്ധുക്കൾ കഴിഞ്ഞ ദിവസം അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. സന്ധ്യയോടെ ഇയാൾ അമിതമായി മദ്യപിച്ച് പൂവത്തൂർ ജംഗ്ഷനിലെത്തി പരസ്യമായി അസഭ്യം വിളിക്കുകയായിരുന്നു. മെമ്പർ ഹരീഷ് പൂവത്തൂർ ഇതു വിലക്കിയപ്പോഴാണ് കയ്യേറ്റം ചെയ്തത്. പട്ടികജാതി പീഡന നിരോധന നിയമപ്രകാരവും അനീഷ് കുമാറിനെതിരെ കേസെടുത്തിട്ടുണ്ട്.

ചാത്തന്നൂർ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ പാരിപ്പളളി ഇൻസ്‌പെക്ടർ എ. അൽജബർ, സബ് ഇൻസ്‌പെക്ടർമാരായ സുരേഷ് കുമാർ, പ്രദീപ്, എസ്.സി.പി.ഒ സുബാഷ് എന്നിവർ ചേർന്നാണ് ഇയാളെ ചടയമംഗലത്ത് നിന്നു പിടികൂടിയത്. സംഭവങ്ങൾ സംബന്ധിച്ച് അന്വേഷണോദ്യോഗസ്ഥനായ ചാത്തന്നൂർ അസിസ്റ്റന്റ് കമ്മിഷണർ ബി.എസ്.എഫ് അധികൃതർക്ക് വിവരം കൈമാറിയിട്ടുണ്ട്.