കൊട്ടിയം: ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് തെങ്ങ് ഒടിഞ്ഞുവീണു. വീട്ടുകാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൊട്ടിയം ഒറ്റപ്ലാമൂട് വട്ടക്കായൽകശുഅണ്ടി ഫാക്ടറിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ ഹോട്ടൽ തൊഴിലാളികളുടെ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. മുറിക്കുള്ളിൽ കിടക്കുകയായിരുന്ന കണ്ണന്റെയും രാജേശ്വരിയുടെയും പുറത്തേക്ക് വീടിന്റെ മേൽക്കൂരയുടെ ഭാഗങ്ങൾ തകർന്നു വീഴുകയായിരുന്നു. കണ്ണന്റെ തലയ്ക്ക് പരിക്കേറ്റു. സ്ഥലത്തെത്തിയ പഞ്ചായത്ത് അംഗം രേഖാ എസ്. ചന്ദ്രന്റെ നേതൃത്വത്തിൽ പരിക്കേറ്റ കണ്ണനെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി.