v

കെട്ടിട നിർമ്മാണങ്ങൾ അവതാളത്തിൽ

കൊല്ലം: കെട്ടിട നിർമ്മാണത്തിന് അടിത്തറയിട്ടവരുടെ അടിക്കല്ലിളക്കും വിധം സാമഗ്രികളുടെ വില കുതിക്കുന്നു. കോൺട്രാക്ടറെ കാണുമ്പോൾ ഉടമ മുങ്ങുന്ന അവസ്ഥ. ഉടമയെ കാണാതിരിക്കാൻ കോൺട്രാക്ടറും പെടാപ്പാട് പെടുന്നു!. കരാറിലെ തുകയും സാമഗ്രികളുടെ അനിയന്ത്രിത വിലവർദ്ധനയും തമ്മിലൊരു 'മാച്ചി'ല്ലാത്തതിനാൽ പാതിവഴിയിൽ കുടുങ്ങിക്കിക്കിടക്കുകയാണ് നിർമ്മാണങ്ങൾ പലതും.

സിമന്റ്, കമ്പി, ഇരുമ്പ് ഉത്പന്നങ്ങൾ തുടങ്ങിയവയുടെ വിലയാണ് റോക്കറ്റുപോലെ കുതിക്കുന്നത്. ഒരു വർഷം മുൻപ് സിമന്റ് വില 320 രൂപയായിരുന്നു. ഇപ്പോൾ 525 രൂപ! കമ്പി വില കിലോയ്ക്ക് 53 രൂപയിൽ നിന്ന് 72ൽ എത്തി. ഇരുമ്പ് അയിരിന്റെ കയറ്റുമതി വൻതോതിൽ ഉയർന്നതാണ് ആഭ്യന്തര വിപണിയിൽ ഉത്പന്നങ്ങൾക്ക് വില കൂടാൻ കാരണം. ഇന്ധനവില വർദ്ധനവും ജി.എസ്.ടിയും മൂലം അസംസ്കൃത സാധനങ്ങളുടെ വില കൂടിയതാണ് നിർമ്മാണ സാമഗ്രികളെ ബാധിച്ചതെന്ന് നിർമ്മാതാക്കൾ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാവുന്നില്ലെന്ന് കരാറുകാർ ആരോപിക്കുന്നു.

വലഞ്ഞ് കരാറുകാർ

കരാറുകാർ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവൃത്തികൾക്ക് എസ്റ്റിമേറ്റ് എടുത്തു ടെണ്ടർ ചെയ്ത് കരാറിലെത്തിയിട്ടുണ്ട്. 2016ൽ സർക്കാർ നിശ്ചയിച്ച നിരക്ക് പ്രകാരമാണ് കരാർ. നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം സർക്കാരിന് ബോദ്ധ്യപ്പെട്ടപ്പോൾ എസ്റ്റിമേറ്റ് തുകയിൽ 10 ശതമാനം വർദ്ധിപ്പിക്കാൻ തീരുമാനിച്ചെങ്കിലും ഇതുവരെ നടപ്പായില്ല. റോഡ് പണിക്കാവശ്യമായ ടാർ കരാറുകാർക്ക് സർക്കാർ അനുവദിച്ചിരിക്കുന്നത് കിലോഗ്രാമിന് 42 രൂപയ്ക്കാണ്. കരാറുകാരിൽ നിന്നു പെട്രോളിയം കമ്പനികൾ ഈടാക്കുന്നത് 51 രൂപയും! നിർമ്മാണ മേഖലയ്ക്കാവശ്യമായ പാറ, മെറ്റൽ മണൽ എന്നിവ കൊണ്ടുപോകുമ്പോൾ വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയും പിഴ ഈടാക്കലും താങ്ങാനാവുന്നില്ലെന്നും കരാറുകാർ പറയുന്നു.

ഡിസ്കൗണ്ട് വീണ്ടും

സിമന്റിന് പണ്ട് ഉണ്ടായിരുന്നതും പിന്നീട് നിറുത്തലാക്കിയതുമായി ഡിസ്കൗണ്ട് പുനരാരംഭിക്കാൻ കമ്പനികൾ വ്യാപാരികൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. 65 രൂപയാണ് ഡിസ്കൗണ്ട്. ഇതോടെ 460 രൂപയ്ക്കു ചില കമ്പനികളുടെ സിമന്റ് ലഭ്യമാണ്. സിമന്റ് വിലയുടെ 28 ശതമാനം ജി.എസ്.ടി ആയി സർക്കാരിനു ലഭിക്കും.

സമരത്തിലേക്ക്

നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട അനിയന്ത്രിതമായ വിലവർദ്ധന തടയാൻ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കാൻ ആൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോ. കൊല്ലം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എസ്. ബൈജു അദ്ധ്യക്ഷനായി. സെക്രട്ടറി എസ്. ദിലീപ്കുമാർ, ട്രഷറർ ഹരി, സലിം, എൻ.ടി. പ്രദീപ്, സിനിൽദത്ത്, ഗോപി, സുരേഷ്‌കുമാർ, ഷിബി, അനിൽകുമാർ, അനീഷ്, സുരേഷ് കരീപ്ര തുടങ്ങിയവർ പങ്കെടുത്തു.