excice-
പാഴ്‌സൽ സർവീസ് കേന്ദ്രങ്ങളിലും ഓൺലൈൻ ഭക്ഷ്യവിതരണ കേന്ദ്രങ്ങളിലും എക്‌സൈസ് നടത്തിയ മിന്നൽ പരിശോധന

എക്സൈസ് പരിശോധന ഊർജിതം

കൊല്ലം: പാഴ്‌സൽ സർവീസ് കേന്ദ്രങ്ങൾ, ഓൺലൈൻ ഭക്ഷ്യവിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങൾ വഴി മദ്യവും മയക്കുമരുന്നും എത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. എക്സൈസ് കമ്മിഷണർ വി. റോബർട്ടിന്റെ നേതൃത്വത്തിലാണ് അപ്രതീക്ഷിത പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഇത്തരം കേന്ദ്രങ്ങളിൽ നടത്തിയ ലഹരി വസ്തുക്കളുടെ കച്ചവടം തിരുവനന്തപുരം എക്സൈസ് സംഘം കണ്ടെടുത്ത് കേസാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം ജില്ലയിലെ പ്രധാന പാഴ്‌സൽ ബുക്കിംഗ് കേന്ദ്രങ്ങളിലും ഓൺലൈൻ ഭക്ഷ്യ വിതരണ സ്ഥാപനങ്ങളിലും പരിശോധന നടത്തിയത്. സാധനങ്ങൾ തുറന്നു പരിശോധിക്കാൻ കഴിയാത്തതിനാൽ ഇവ കണ്ടെത്താനും തിരിച്ചറിയാനും പ്രയാസമാണ്. പിടിക്കപ്പെടാനുള്ള സാദ്ധ്യത മുന്നിൽകണ്ട് ഉപേക്ഷിക്കാനും സാദ്ധ്യതയേറെ. പരിശോധനയിൽ കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണറെ കൂടാതെ പ്രിവന്റീവ് ഓഫീസർ എം. മനോജ്ലാൽ, കൊല്ലം ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ ഷഹറുദീൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജൂലിയൻ ക്രൂസ്, ക്രിസ്റ്റിൻ.ബി, വനിത സിവിൽ എക്‌സൈസ് ഓഫീസർ നിഷമോൾ വി. എക്‌സൈസ് ഡ്രൈവർമാരായ മുഹമ്മദ്‌ ആഷിക്ക്, സുരേഷ് എന്നിവർ പങ്കെടുത്തു.

പാഴ്‌സൽ ബുക്കിംഗ് കേന്ദ്രങ്ങളിലും ഓൺലൈൻ ഭക്ഷ്യവിതരണ കേന്ദ്രങ്ങളിലും കൊറിയർ സ്ഥാപനങ്ങളിലും സംശയകരമായ വസ്തുക്കൾ എത്തിയാൽ എക്സൈസിനെ അറിയിക്കാൻ നടപടി എടുത്തിട്ടുണ്ട്. പരിശോധന വരും ദിവസങ്ങളിലും തുടരും.

ബി. സുരേഷ്,​ കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ