പത്തനാപുരം : കാൻസർ രോഗികൾ അല്ലാത്തതും നേരത്തെ കാൻസർ ബാധിച്ചിട്ടില്ലാത്തവർക്കുമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ മുമ്പുണ്ടായിരുന്ന ആജീവനാന്ത കാൻസർ സുരക്ഷാ പദ്ധതി പുനരാരംഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി ആവശ്യപ്പെട്ടു.
ചികിത്സാ ചെലവുകൾക്കായി ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ കാൻസർ സുരക്ഷാ പദ്ധതി ഉണ്ടായിരുന്നെങ്കിൽ വളരെ പ്രയോജനപ്രദമായിരുന്നു.
500 രൂപക്ക് കുടുംബത്തിലെ ഒരംഗത്തിന് 50000 രൂപയുടെയും പതിനായിരം രൂപക്ക് 5 ലക്ഷം രൂപയുടെയും ചികിത്സയായിരുന്നു ഉണ്ടായിരുന്നത്. ഒറ്റ തവണ തുക അടച്ചാൽ മതിയായിരുന്നെന്നു മാത്രമല്ല ആജീവനാന്തം ഇതിന്റെ കവറേജ് ലഭിക്കുമായിരുന്നു.
കാൻസർ രോഗം ഓരോ വർഷവും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ കാൻസർ സുരക്ഷാ പദ്ധതികൾ ആരംഭിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ മുഖ്യമന്ത്രി , ആരോഗ്യ വകുപ്പ് മന്ത്രി എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.