കൊല്ലം: കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിൽ ഇന്ന് വിധി പറയും. അഞ്ചൽ ഏറം സ്വദേശിയായ ഉത്രയെ (22) സ്വത്ത് തട്ടിയെടുത്ത ശേഷം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നുവെന്ന അപൂർവങ്ങളിൽ അപൂർവമായ കേസിൽ കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. ജീവനുള്ള വസ്തു കൊലപാതകത്തിന് ഉപയോഗിച്ചുവെന്ന പ്രത്യേകതയും ഉത്ര കൊലക്കേസിനുണ്ട്. സൂരജ് ജുഡിഷ്യൽ കസ്റ്രഡിയിൽ ആയിരിക്കെയാണ് വിസ്താരം പൂർത്തിയായത്.
2020 മേയ് ഏഴിന് രാവിലെ എട്ടോടെയാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മൂർഖൻ പാമ്പ് കടിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. ആറിന് സന്ധ്യയ്ക്ക് ഉത്രയ്ക്ക് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി കൊടുത്ത ശേഷം രാത്രി 11ഓടെ, നേരത്തെ മുറിയിൽ സൂക്ഷിച്ചിരുന്ന മൂർഖൻ പാമ്പിനെക്കൊണ്ട് സൂരജ് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിന് മുൻപ് അടൂർ പറക്കോട്ടുള്ള സൂരജിന്റെ വീട്ടിൽ വച്ച് അണലിയെക്കൊണ്ട് ഉത്രയെ കടിപ്പിച്ചിരുന്നു. ഇതിന്റെ ചികിത്സയ്ക്ക് ശേഷം ഉത്ര വിശ്രമിക്കുമ്പോഴായിരുന്നു മൂർഖനെ ഉപയോഗിച്ചുള്ള കൊലപാതകം.
സൂരജ് ഇടയ്ക്കിടെ പണം ആവശ്യപ്പെടുന്നതിനാൽ ഉത്രയുടെ വീട്ടുകാരുമായി അസ്വാരസ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് രണ്ടാം തവണയും പാമ്പ് കടിച്ചപ്പോൾ വീട്ടുകാർക്ക് സംശയം തോന്നിയത്. ദുരൂഹത സംബന്ധിച്ച് ഏഴിനുതന്നെ ഉത്രയുടെ സഹോദരൻ അഞ്ചൽ പൊലീസിന് മൊഴി നൽകി. പക്ഷേ അന്വേഷണം കാര്യമായി നടന്നില്ല. ഉത്രയ്ക്ക് നൽകിയ സ്വർണവും പണവും കുഞ്ഞിന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോൾ സൂരജ് പ്രകോപിതനായി പിണങ്ങിപ്പോയി. മേയ് 21ന് ഉത്രയുടെ വീട്ടുകാർ അഞ്ചൽ പൊലീസിന് മരണത്തിൽ ദുരൂഹത ആരോപിച്ച് പരാതി നൽകി. തൊട്ടടുത്ത ദിവസം റൂറൽ എസ്.പി ഹരിശങ്കറിനെയും പരാതിയുമായി സമീപിച്ചു. 24ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. അന്നു തന്നെ ക്രൈംബാഞ്ച് സംഘം സൂരജിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. മൊഴികളിൽ നിറയെ വൈരുദ്ധ്യമായിരുന്നു.
സുരേഷുമായുള്ള ബന്ധം വഴിത്തിരിവ്
സൂരജിന്റെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ പാമ്പ് പിടിത്തക്കാരൻ ചാവരുകാവ് സുരേഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. ഇന്റർനെറ്റിലും പാമ്പുകളെക്കുറിച്ച് തിരഞ്ഞിരുന്നു. സുരേഷിനെ കസ്റ്റഡിയിലെടുത്തപ്പോൾ സൂരജിന് രണ്ടുതവണ പാമ്പിനെ നൽകിയതായി വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ചുള്ള വാർത്ത വന്നതിനെ തുടർന്ന് സൂരജിനെ വിളിച്ചപ്പോൾ പുറത്ത് പറയരുതെന്നും പറഞ്ഞാൽ താനും കുടുങ്ങുമെന്ന് ഭീഷണിപ്പെടുത്തിയതായും സുരേഷ് പറഞ്ഞു. 25ന് സൂരജിനെ അറസ്റ്റ് ചെയ്തു.
ഡെമ്മി പരീക്ഷണം
പാമ്പിനെ ബലം പ്രയോഗിച്ച് കടിപ്പിക്കുകയായിരുന്നെന്ന് തെളിയിക്കാൻ അന്വേഷണ സംഘം മൂർഖൻ പാമ്പുകളെ ഉപയോഗിച്ച് ഡെമ്മി പരീക്ഷണം നടത്തി തെളിവായി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. നിർണായകമായ മൊഴി നൽകിയ പാമ്പുപിടിത്തക്കാരൻ സുരേഷിനെ മാപ്പുസാക്ഷിയാക്കി 87 സാക്ഷികളും 288 രേഖകളും 40 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. സൂരജിന് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. റൂറൽ എസ്.പിയായിരുന്ന ഹരിശങ്കറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ക്രൈംബ്രാഞ്ച് ഡിവൈഎസ്.പിയായിരുന്ന എ. അശോകനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. അഡ്വ. മോഹൻരാജാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ.