photo
നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങുന്ന കരുനാഗപ്പള്ളി മുൻസിപ്പൽ ടവർ

കരുനാഗപ്പള്ളി: ടൗണിന് കിഴക്ക് വശം നഗരസഭ നിർമ്മിക്കുന്ന മുൻസിപ്പൽ ടവറിന്റെ നിർമ്മാണം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. മൂന്ന് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച നിർമ്മാണം ഇപ്പോഴും ഒച്ചിന്റെ വേഗതയിലാണ് മുന്നോട്ട് പോകുന്നത്. തുടക്കത്തിൽ ടവറിന്റെ നിർമ്മാണം വേഗത്തിൽ നടത്തിയെങ്കിലും കഴിഞ്ഞ ഒരു വർഷമായി മെല്ലെപ്പോക്ക് നയമാണ് കരാർ ഏജൻസി സ്വീകരിക്കുന്നത് . മിക്ക ദിവസങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നില്ല. നിലവിലുള്ള മുൻസിപ്പൽ കെട്ടിടത്തിന്റെ ഒരു ഭാഗം ദേശീയപാത അധികൃത‌ർ ഏറ്റെടുത്ത സാഹചര്യത്തിലാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ മുൻസിപ്പാലിറ്റി തീരുമാനിച്ചത്.

എന്ന് തീരും നി‌‌ർമ്മാണം

എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ഏജൻസിയാണ് ടവറിന്റെ പ്ലാൻ തയ്യാറാക്കിയത്. തൃശൂർ കേന്ദ്രീകരിച്ചുള്ള ഒരു കരാർ ഏജൻസിക്കാണ് നിർമ്മാണ ചുമതല . ടവറിന്റെ നിർമ്മാണത്തിനായി 6.30 കോടി രൂപ അടങ്കൽ തുകയായി മുൻസിപ്പാലിറ്റി അനുവദിക്കുകയും ചെയ്തു. മൊത്തം തുകയിൽ നിന്നും 4.30 കോടി രൂപ സിവിൽ വർക്കിന് വേണ്ടി മാത്രമാണ് വിനിയോഗിക്കുന്നത്. നിർമ്മാണം എന്നത്തേക്ക് പൂർത്തിയാക്കാൻ കഴിയുമെന്ന് പറയാൻ ബന്ധപ്പെട്ടവർക്കും കഴിയുന്നില്ല.കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി മുൻസിപ്പാലിറ്റിക്ക് കൈമാറിയെങ്കിൽ മാത്രമേ ഇലക്ട്രിക്കൽ, പംബ്ലിംഗ്, പെയിന്റിംഗ് തുടിയ വർക്കുകളിലേക്ക് കടക്കാൻ കഴിയു.

നാല് നിലകളുള്ള ടവർ

ഒന്നാമത്തെ നിലയിൽ ഫ്രണ്ട് ഓഫീസ്, കാഷ് കൗണ്ടർ, പെൻഷൻ കൗണ്ടർ എന്നിവ ഉണ്ടായിരിക്കും. രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിൽ മുൻസിപ്പാലിറ്റിയുടെ വിവിധ ഓഫീസുകളും കോമേഷ്യൽ സ്ഥാപനങ്ങളും പ്രവർത്തിക്കും. കോമേഷ്യൽ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന വാടക മുൻസിപ്പാലിറ്റിക്ക് മുതൽ കൂട്ടാകും. നാലാമത്തെ നിലയിൽ മുൻസിപ്പൽ കൗൺസിൽ കൂടുന്നതിനുള്ള ഹാളും 100 പേർക്ക് ഇരിക്കാവുന്ന മിനി കോൺഫറൻസ് ഹാളുമാണ് പ്ലാനിൽ രൂപകല്പന ചെയ്തിട്ടുള്ളത്.

പരിമിതമായ സൗകര്യങ്ങൾ മാത്രം

ടവറിന്റെ നിർമ്മാണം ആരംഭിച്ച സമയത്താണ് പ്രളയം ഉണ്ടായത്. ഇതേ തുടർന്ന് ടവറിന്റെ ഡിസൈനിംഗിൽ കാതലായ മാറ്റം വരുത്തി. ഇതിന്റെ നടപടികൾ പൂർത്തീകരിക്കാനായി 4 മാസം വേണ്ടി വന്നു. ഈ കാലതാമസമാണ് കെട്ടിടത്തിന്റെ നിർമ്മാണം താമസിക്കാൻ കാരണമായതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. പഴയ ഗ്രാമപഞ്ചായത്ത് കെട്ടിടത്തിലാണ് നിലവിൽ മുൻസിപ്പാലിറ്റി പ്രവർത്തിക്കുന്നത്. പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് മുൻസിപ്പാലിറ്റിയിൽ ഉള്ളത്. എത്രയും വേഗം പുതിയ ടവറിന്റെ നിർമ്മാണം പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.