manoj-
നീണ്ടകരയിൽ അലഞ്ഞുതിരിഞ്ഞു നടന്ന മാനസിക വൈകല്യമുള്ള യുവാവിനെ കോയിവിള അഭയകേന്ദ്രത്തിലെത്തിച്ചപ്പോൾ

കൊല്ലം: ലോക മാനസികാരോഗ്യദിനത്തിൽ അലഞ്ഞുതിരിഞ്ഞു നടന്ന മാനസിക വൈകല്യമുള്ള യുവാവിനെ അഭയകേന്ദ്രത്തിലെത്തിച്ച് അഗ്നിരക്ഷാസേനയിലെ ഫയർമാൻ മാതൃകയായി. ശാസ്‌താംകോട്ട അഗ്നിരക്ഷാ നിലയത്തിലെ ഫയർമാൻ ചവറ കൊട്ടുകാട് സ്വദേശിയായ മനോജാണ് യുവാവിന് തുണയായത്. ബൈക്കിൽ കൊല്ലത്തേക്ക് വരുകയായിരുന്ന മനോജ് ഇന്നലെ രാവിലെ 11ഓടെയാണ് നീണ്ടകര പാലത്തിൽ തളർന്നിരിക്കുന്ന യുവാവിനെ കണ്ടത്. മുഷിഞ്ഞ വേഷത്തോടൊപ്പം താടിയും മുടിയും നീട്ടിവളർത്തിയ യുവാവ് മനോജിനെ കണ്ടതോടെ ഹിന്ദിയിൽ ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണം വാങ്ങിനൽകിയ ശേഷം സുഹൃത്തും സാമൂഹിക പ്രവർത്തകരുമായ ഗണേഷ്, ബാബു എന്നിവരെ വിളിച്ചുവരുത്തി. തുടർന്ന് ശക്തികുളങ്ങര പൊലീസിന്റെ സഹായത്തോടെ കോയിവിള ബിഷപ്പ് ജെറോം അഭയകേന്ദ്രത്തിൽ യുവാവിനെ പ്രവേശിപ്പിച്ചു. ഏകദേശം 30 വയസ് പ്രായം തോന്നിക്കുന്ന യുവാവ് അന്യസംസ്ഥാനക്കാരനാണെന്ന് സംശയിക്കുന്നു. ഹിന്ദിയിൽ ഭക്ഷണം ആവശ്യപ്പെടുന്നുണ്ടെങ്കിലും മറ്റൊന്നും സംസാരിക്കുന്നില്ല. രണ്ടിലധികം ദിവസമായി ഇയാൾ നീണ്ടകരയിലും പരിസരത്തും കറങ്ങി നടക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. യുവാവിൽ നിന്ന് കാര്യങ്ങൾ തിരക്കി ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മനോജും സുഹൃത്തുക്കളും.