കൊല്ലം: സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി മൂർഖൻ പാമ്പിനെ ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തുക! അപൂർവങ്ങളിൽ അപൂർവമെന്നു വിശേഷിപ്പിക്കാവുന്ന സംഭവമായ ഉത്ര വധക്കേസിലെ പ്രതി സൂരജിന് കോടതി എന്തു ശിക്ഷ നൽകുമെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നാട്. 'ഘാതക'രിൽ ഒരാളായ മൂർഖൻ പാമ്പിന്റെ അസ്ഥികൂടങ്ങളും പാമ്പുപിടിത്തക്കാരും പാമ്പുകളുടെ സ്വഭാവ സവിശേഷതകളും മറ്റും കോടതിമുറിയിലെത്തിയെന്ന പ്രത്യേകതയും ഈ കേസിനുണ്ട്.
അന്നു നടന്നത്
2020 മാർച്ച് 7ന് രാവിലെയാണ് ഉത്രയെ അഞ്ചലിലുള്ള സ്വന്തം വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അന്നു നേരം പുലരുംമുമ്പ് ആ വീട്ടിൽ എന്താണ് നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്.പി എ. അശോകൻ പറയുന്നതിങ്ങനെ: ആറിന് സൂരജ് ഒരു ബാഗുമായി ഉത്രയുടെ വീട്ടിലേക്ക് വന്നു. കുപ്പിയിലാക്കിയ മൂർഖൻ പാമ്പ് ബാഗിലുണ്ടായിരുന്നു. കുപ്പി കിടപ്പുമുറിയിലെ സ്യൂട്ട് കേസിനുള്ളിലാക്കി. സന്ധ്യയ്ക്ക് ആറോടെ ജ്യൂസിൽ ഉത്രയ്ക്ക് മയക്കുമരുന്ന് കലർത്തി നൽകി. അന്ന് രാത്രി 11ഓടെ എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ സൂരജ് പുറത്തിറങ്ങി ഒരു വടിയെടുത്ത് മുറിയിലേക്ക് തിരിച്ചുവന്നു. സ്യൂട്ട് കേസ് തുറന്ന് കുപ്പിയെടുത്ത് മൂർഖനെ നിലത്തേക്കിട്ടു. പിന്നെ വാലിൽ പിടിച്ച് പൊക്കിയെടുത്ത ശേഷം വടി കൊണ്ട് തലയ്ക്കടിച്ച് പ്രകോപിപ്പിച്ചു. അതിന് ശേഷം പത്തിയിൽ മുറുകെപ്പിടിച്ച് ഉത്രയുടെ കൈയിൽ രണ്ടു തവണ കടിപ്പിച്ചു. മയക്കുമരുന്ന് ഉള്ളിൽ ചെന്നിരുന്നതിനാൽ ഉത്ര വേദന അറിഞ്ഞില്ല. നിലത്തേക്കിട്ട പാമ്പ് ഇഴഞ്ഞ് മുറിയുടെ മൂലയിലേക്ക് പോയി. അതിന് ശേഷം സൂരജ് കട്ടിലിൽ കയറി ഇരുന്നു.
പിന്നെ നടന്നത്
മാർച്ച് 7ന് നടന്ന സംഭവങ്ങളെക്കുറിച്ച് ഉത്രയുടെ സഹോദരൻ വിഷു പറയുന്നത്: സൂരജ് സാധാരണ എട്ടു മണിക്കേ ഉണരാറുള്ളു. അന്ന് നേരെത്തെ ഉണർന്നു. പ്രഭാതസവാരി കഴിഞ്ഞ് മടങ്ങിയെത്തിയ അച്ഛനുമായി രാവിലെ ആറിനുതന്നെ സംസാരിച്ചു. എട്ട് മണിയോടെ അമ്മ ഉത്രയുടെ മുറിയിലേക്ക് ചെന്നു വിളിച്ചെങ്കിലും ഉണർന്നില്ല. ഇതോടെ അമ്മ നിലവിളിച്ചു. ഉടൻ തന്നെ താനും അച്ഛനും മുറിയിലേക്ക് ചെന്നു. വീടിന് പുറത്തായിരുന്ന സൂരജും മുറിയിലെത്തി. ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടുപോയി. കാഷ്വാലിറ്റിയിൽ കയറിയ സൂരജ് ഉത്രയെ എന്തോ കടിച്ചതാണെന്ന് ഡോക്ടർ പറഞ്ഞെന്നും ഉടൻ തന്നെ വീട്ടിൽ പോയി പരിശോധിക്കണമെന്നും പറഞ്ഞു. താനും സൂരജും വീട്ടിലെത്തി. വീട്ടിലേക്ക് ആദ്യം കയറിയ സൂരജ് മുറിയിലേക്ക് തന്നെ ആദ്യം പറഞ്ഞുവിട്ടു. അവിടമാകെ തിരഞ്ഞെങ്കിലും ഒന്നും കണ്ടില്ല. ഇതിനിടെ ഡ്രസിംഗ് റൂമിലെ അലമാരയ്ക്കിടയിൽ ഒളിഞ്ഞിരുന്ന പാമ്പിനെ സൂരജ് തന്നെ ചൂണ്ടിക്കാട്ടി. താൻ അടിച്ചുകൊന്ന ശേഷം അച്ഛനെ വിളിച്ച് മൂർഖൻ പാമ്പാണ് കടിച്ചതെന്ന് പറഞ്ഞു. അപ്പോൾ അവൾ പോയെന്നായിരുന്നു അച്ഛന്റെ മറുപടി.
ഗംഭീര അഭിനയം
ഉത്രയെ പാമ്പ് കടിക്കുന്നത് രണ്ടാം തവണയായതു കൊണ്ട് വീട്ടുകാർക്ക് സംശയം തോന്നി. സൂരജിന്റെ പെരുമാറ്റങ്ങൾ സംശയം വർദ്ധിപ്പിച്ചു. പൊലീസ് അദ്യ ദിവസം വന്ന് അന്വേഷിച്ചെങ്കിലും പിന്നീട് അനക്കമുണ്ടായില്ല. ഇതിനിടെ ഉത്രയുടെ സ്വർണാഭരണങ്ങൾ കുട്ടിയുടെ പേരിലാക്കണമെന്ന് പറഞ്ഞതോടെ സൂരജ് അസ്വാഭാവികമായി പെരുമാറി. ഇത് സംശയം വർദ്ധിപ്പിച്ചുവെന്ന് വിഷു പറയുന്നു. 22ന് റൂറൽ എസ്.പിക്ക് പരാതി നൽകി. പൊലീസ് സൂരജിനെ നിരീക്ഷിക്കാൻ തുടങ്ങി. ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ പാമ്പ് പിടിത്തക്കാരൻ സുരേഷുമായി നിരന്തരം ബന്ധപ്പെട്ടിരിന്നുവെന്ന് കണ്ടെത്തി. അണലിയേയും മൂർഖനെയും കൂറിച്ച് ഗൂഗിളിലും യൂടൂബിലും തിര.തിനും തെളിവുകിട്ടി. സുരേഷിനെ കസ്റ്റഡിയിലെടുത്തപ്പോൾ സൂരജ് മാസങ്ങൾ മുൻപ് അണലിയേയും അടുത്തിടെ മൂർഖനേയും വാങ്ങിയതായി വെളിപ്പെടുത്തി. താൻ മൂർഖനെ നൽകിയതിന് ശേഷമാണ് ഉത്ര കൊല്ലപ്പെട്ടതെന്ന വാർത്തകൾ കണ്ടു വിളിച്ചപ്പോൾ പുറത്താരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും സുരേഷ് പറഞ്ഞു. മേയ് 25ന് സൂരജിനെ കസ്റ്റഡിയിലെടുത്തു. ആദ്യം കുറ്റം സമ്മതിച്ചില്ല. ന്നെ കേസിൽ കുടുക്കിയതാണെന്ന് പറഞ്ഞ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ വിലപിച്ചു. പക്ഷെ ഇതിനിടെ അന്വേഷണ സംഘത്തിന്റെ പക്കൽ സൂരജിനെതിരായ തെളിവുകൾ നിറഞ്ഞു.
ആദ്യ ശ്രമം ഫെബ്രുവരിയിൽ
ഫെബ്രുവരിയിലാണ് സുരേഷിൽ നിന്നു സൂരജ് അണലിയെ വാങ്ങിയത്. ഫെബ്രുവരി അവസാനം അടൂരുള്ള സൂരജിന്റെ വീട്ടിൽ വച്ച് ഉത്രയെ അണലിയെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. അതേക്കുറിച്ച് അന്വേഷണ സംഘം പറയുന്നത്: സ്റ്റെപ്പിൽ അണലിയെ ഇട്ട ശേഷം മുകളിലത്തെ നിലയിൽ പോയി ഫോൺ എടുത്തുവരാൻ ഉത്രയോടു പറഞ്ഞു. സ്റ്റെപ്പിൽ പാമ്പിനെ കണ്ട് ഉത്ര പിന്തിരിഞ്ഞോടി. സൂരജ് പാമ്പുമായി പുറത്തിക്കിറങ്ങി കാറിന്റെ ഡിക്കിയിൽ കുപ്പിയിലാക്കി സൂക്ഷിച്ചു. മാർച്ച് 2ന് സന്ധ്യയ്ക്ക് ഉത്രയ്ക്ക് പായസത്തിൽ മയക്കുമരുന്ന് കലർത്തി നൽകി. രാത്രി പതിനൊന്നോടെ കാറിൽ നിന്നു അണലിയെ എടുത്ത് ഉത്രയുടെ പുറത്തേക്കിട്ടു. കാലിൽ കടിയേറ്റു. വേദനിക്കുന്നതായി ഉത്ര ആദ്യം പറഞ്ഞെങ്കിലും സൂരജ് ഗൗനിച്ചില്ല. പിന്നീട് നിലവിളിച്ചതോടെ വീട്ടുകാർ ഉണർന്നു. വീട്ടിൽ രണ്ട് കാറുണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല. സമയം നഷ്ടപ്പെടുത്താനായി സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ദിവസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം ഉത്ര അഞ്ചലിലെ സ്വന്തം വീട്ടിലേക്ക് പോയി.
സൂരജിനെതിരായ കുടുക്കുകൾ
ഉത്രയെ രണ്ട് തവണ പാമ്പ് കടിച്ചപ്പോഴും സൂരജിന്റെ സാന്നിദ്ധ്യം
മൂർഖനെയും അണലിയേയും നൽകിയതായി ചാവരുകാവ് സുരേഷിന്റെ മൊഴി
പാമ്പുകളെ കൈമാറിയ സ്ഥലങ്ങളിലെ ടവർ ലൊക്കേഷൻ വിവരങ്ങളും കാമറ ദൃശ്യങ്ങളും
ചാവരുകാവ് സുരേഷിനെ നിരന്തരം ഫോണിൽ വിളിച്ചതിന്റെ രേഖകൾ
ഇന്റർനെറ്റിൽ പാമ്പുകളെക്കുറിച്ച് തിരഞ്ഞതിന്റെ തെളിവുകൾ
ഉത്രയുടെ കാലിലേറ്റ കടിയുടെ പാടിലെ അസ്വാഭാവികത
ബലം പ്രയോഗിച്ച് കടിപ്പിച്ചതിനു തെളിവായി കൂടുതൽ ആഴത്തിലുള്ള മുറിവ്
150 സെന്റ് മീറ്റർ ഉയരത്തിലുള്ള ജനാല വഴി മൂർഖൻ ഇഴഞ്ഞ് കയറില്ലെന്ന വിദഗ്ദ്ധരുടെ മൊഴി
സൂരജ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും വിചാരണ വേളയിൽ പറഞ്ഞതിലെ വൈരുദ്ധ്യം