
ക്ളാസുകളിൽ ശാരീരിക അകലം ഉറപ്പാക്കും
കൊല്ലം: സ്‌കൂളുകൾ തുറക്കുമ്പോൾ നടപ്പാക്കേണ്ട മാർഗ്ഗരേഖകളിൽ പ്രധാനമായും ശുപാർശ ചെയ്യുന്നത് കുട്ടികളുടെ ആരോഗ്യ സുരക്ഷയായതിനാൽ ശാരീരിക അകലം പാലിക്കാനുള്ള ബയോബബിൾ സിസ്റ്റം ക്ലാസ് അടിസ്ഥാനത്തിൽ നടപ്പാക്കാൻ നിർദ്ദേശം. ഒന്നുമുതൽ 7 വരെ ക്ളാസുകളും 10, 12 ക്ളാസുകളുമാണ് നവംബർ ഒന്നിന് ആരംഭിക്കുന്നത്. 15ന് മറ്റു ക്ളാസുകളും തുടങ്ങും.
ക്ലാസുകൾക്ക് നൽകുന്ന ഇന്റർവെൽ, സ്‌കൂൾ ആരംഭിക്കുന്ന സമയം, വിടുന്ന സമയം എന്നിവയിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തി ടോയ്ലറ്റുകൾ, ഗേറ്റുകൾ എന്നിവിടങ്ങളിലെ കൂട്ടംചേരൽ ഒഴിവാക്കാൻ പ്രഥമാദ്ധ്യാപകർ മുൻകൈ എടുക്കണമെന്നും നിർദ്ദേശമുണ്ട്. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി പി.ടി.എ, എസ്.എം.സി എക്‌സിക്യുട്ടീവ് യോഗങ്ങൾ ചേരണമെന്നും സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപന ജനപ്രതിനിധിയുടെ പങ്കാളിത്തം യോഗത്തിൽ ഉറപ്പാക്കണമെന്നും മാർഗരേഖ നിർദ്ദേശിക്കുന്നു.
ബയോബബിൾ സിസ്റ്റം
 ഒരു ക്ലാസിൽ പഠിക്കുന്ന 6 മുതൽ 10 വരെ കുട്ടികളുടെ കൂട്ടം
 ഇവർക്ക് മാത്രം പരസ്പരം ഇടപഴകാം
 ഒരു പ്രദേശത്തുനിന്ന് വരുന്നവരെ ഒരു കൂട്ടത്തിൽ ഉൾപ്പെടുത്തും
 ഇവരുടെ യാത്രയും ഒരുമിച്ച് ആസൂത്രണം ചെയ്യും
 ഒരു ക്ലാസിൽ രണ്ടോ മൂന്നോ ബയോ ബബിളുകൾ
 ബയോബബിളിൽ കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തും
 പ്രൈമറിതലത്തിൽ അദ്ധ്യാപകർ ബയോബബിളിന്റെ ഭാഗമാകും
മറ്റ് സുരക്ഷാനിർദ്ദേശങ്ങൾ
 ക്ലാസ് മുറികളിലും സ്‌കൂളിന്റെ പരിസരങ്ങളിലും കുട്ടികളോ ജീവനക്കാരോ കൂട്ടംകൂടരുത്
 പ്രവൃത്തിദിനങ്ങളിൽ എല്ലാ അദ്ധ്യാപകരും സ്‌കൂളിൽ സുരക്ഷാക്രമീകരണ ജോലികളിൽ ഏർപ്പെടണം
 കായികവിനോദങ്ങൾ, സ്‌കൂൾ അസംബ്ലി, ഒരുമിച്ചിരുന്നുളള ഭക്ഷണം കഴിക്കൽ തുടങ്ങിയവ ഒഴിവാക്കണം
 പഠനോപകരണങ്ങൾ, ഭക്ഷണം, കുടിവെളളം എന്നിവ പങ്കുവയ്ക്കരുത്
 മുഴുവൻ സമയവും മാസ്‌ക് ധരിക്കണം
 പ്രാക്ടിക്കൽ ക്ലാസുകൾ ചെറിയ ഗ്രൂപ്പുകളായി നടത്തണം
 ഒന്നിലധികം പേർ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഉപയോഗത്തിനുശേഷം അണുവിമുക്തമാക്കണം
 ക്ലാസ് മുറികൾ, ഹാളുകൾ എന്നിവ പൂർണ്ണമായി തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കണം
 പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്ന കുട്ടികൾ ഇരട്ട മാസ്‌കുകൾ ധരിക്കണം
സ്‌കൂളുകൾ അലങ്കരിക്കും
മുൻവർഷങ്ങളിലെ പോലെ സ്‌കൂളിലെത്തുന്ന കുട്ടികളെ സ്വീകരിക്കാൻ ക്ലാസ് മുറികളും പരിസരങ്ങളും അലങ്കരിച്ച് ആകർഷകമാക്കും. ഒപ്പം കുട്ടികളുടെ കണ്ണെത്തുന്നയിടത്തെല്ലാം കൊവിഡ് പ്രതിരോധ പോസ്റ്ററുകളും പതിപ്പിക്കും. കുടിവെള്ളം ലഭ്യമാകുന്ന സ്ഥലം, കൈകൾ കഴുകുന്ന സ്ഥലം, വാഷ്‌റൂം എന്നിവിടങ്ങളിൽ കൊവിഡ് പ്രൊട്ടോക്കോൾ അനുസരിച്ച് നിശ്ചിത അകലത്തിൽ അടയാളപ്പെടുത്തലുകൾ ഉണ്ടാകും.