കൊട്ടാരക്കര: കുളക്കട ഗ്രാമ പഞ്ചായത്ത് 9, 10 വാർഡികളിലൂടെ കടന്നുപോകുന്ന കെ.ഐ.പി കനാൽ നാട്ടുകാർക്ക് ദുരിതമായി മാറുന്നു. വേനൽക്കാലത്ത് ജലസേചനത്തിനും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുമായി ലക്ഷ്യമിട്ട കെ.ഐ.പി കനാലിന്റെ ഉപശാഖകളാണ് ബന്ധപ്പെട്ടവരുടെ അനാസ്ഥമൂലം പ്രദേശവാസികൾക്ക് ഭീഷണിയാകുന്നത്. പൂവറ്റൂർ കിഴക്ക് കരിമ്പിൻകുഴി ഭാഗത്ത് ചരിപ്രം ഭാഗംമുതൽ മാങ്കാല ഭാഗംവരെ കനാൽ കാടുമൂടി കിടക്കുന്നു. കനാലിലെ നടപ്പാത കാണാനാകാത്ത വിധം കുറ്റിക്കാട് മൂടിക്കിടക്കുകയാണ്. ഇഴജന്തുക്കളുടെയും ക്ഷുദ്രജീവികളുടെ ശല്യം ഇതുവഴിയുള്ള കാൽനട

യാത്രക്കാരെയും പരിസരവാസികളെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഗതാഗത സൗകര്യം കുറവായ ഈ ഭാഗത്ത് കിടപ്പുരോഗികളെയും മറ്റും ഈ കുറ്റിക്കാടുമൂടിയ കനാലിലൂടെയാണ് വാഹനം എത്തുന്ന സ്ഥലത്ത് എത്തിക്കേണ്ടത്. പൂവറ്റൂർ, പെരുങ്കുളം ഭാഗത്തേക്കുള്ള കാൽനടയാത്രക്കാർ ഈ കനാൽ റോഡിന്റെ ഓരം ചേർന്നാണ് യാത്രചെയ്യുന്നത്. വിവിധ കശുഅണ്ടി ഫാക്ടറികളിലേക്ക് പോകുന്ന തൊഴിലാളികളും ഈ കനാൽ റോ‌ഡിലൂടെയാണ് പോകുകയും വരികയും ചെയ്യുന്നത്. വർഷങ്ങളായി ഈ കനാൽ റോഡ് വൃത്തിയാക്കാറില്ല. വളരെ പ്രതീക്ഷയോടെ 35 വർഷം മുൻപ് പണിത കനാലിൽ നാളിതുവരെ വെള്ളം എത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കലാകാലങ്ങളിൽ കനാലിന്റെ നവീകരണം ഉറപ്പുവരുത്തണമെന്നും കനാലിൽ കുടിവെള്ളമെത്തിച്ച് ജലക്ഷാമത്തിനു പരിഹാരമുണ്ടാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.