കരുനാഗപ്പള്ളി: നഗരസഭയുടെ പരിധിയിൽ വരുന്ന മൂന്നാം തഴവയൽ പാലം തകർച്ചയുടെ വക്കിൽ. ആദിനാട് ഘണ്ടാകർണ്ണൻ കാവ് ക്ഷേത്രത്തിന് സമീപത്തുനിന്ന് ആരംഭിക്കുന്ന മൂന്നാം തഴത്തോടിന് മീതെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്. നാല് പതിറ്രാണ്ടോളം പഴക്കം വരുന്ന പാലത്തിന്റെ കൈവരികൾ പൂർണമായും തകർന്ന് വീണു. പാലത്തിന്റെ മേൽ ഭാഗത്തുള്ള കോൺക്രീറ്റ് മാത്രമാണ് ശേഷിക്കുന്നത്. എന്നാൽ അടിഭാഗത്തെ കോൺക്രീറ്റ് ഇളകി കമ്പികൾ പൂർണമായും പുറത്തേക്ക് തള്ളി നിൽക്കുകയാണ്. ഏത് സമയവും പാലം നിലം പൊത്താവുന്ന സ്ഥിതിയിലാണ്. ആലുംതറ മുക്ക് - പുള്ളിമാൻ ജംഗ്ഷൻ റോഡിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്.
40 വർഷം പഴക്കമുള്ള പാലം
മൂന്നാം തഴ വയലിലെ കൃഷിയുമായി ബന്ധപ്പെടുത്തിയാണ് തഴത്തോട് നിർമ്മിച്ചത്. ആദിനാട്ട് നിന്ന് ആരംഭിക്കുന്ന തഴത്തോട് കുലശേഖരപുരം ഗ്രാമപഞ്ചായത്ത്, കരുനാഗപ്പള്ളി നഗരസഭ എന്നിവിടങ്ങളിലൂടെ ഒഴുകി കൊതിമുക്ക് വട്ടക്കായലിലാണ് പതിക്കുന്നത്. മൂന്നാം തഴവയലിലെ കൃഷിയുമായി ബന്ധപ്പെട്ടുത്തി നിർമ്മിച്ചിരുന്ന ചീപ്പ് പൊളിച്ച് മാറ്റിയാണ് 40 വർഷങ്ങൾക്ക് മുമ്പ് പാലം നിർമ്മിച്ചത്. കൃഷി അന്യം നിന്നതോടെ വയലുകൾ തരിശ്ശായി മാറി. ഇതോടെ തോടിന്റെ ശനിദശയും ആരംഭിച്ചു. തോട് ഉത്ഭവിക്കുന്നിടത്ത് വലിയ തോതിൽ കൈയേറ്റം നടന്നതായി നാട്ടുകാർ ആരോപിക്കുന്നു. 11 വർഷങ്ങൾക്ക് മുമ്പ് തോടിന്റെ നവീകരണത്തിനായി കൃഷി വികാസ് യോജന പദ്ധതി പ്രകാരം 22 ലക്ഷം രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു. കരുനാഗപ്പള്ളി കൃഷി ഭവൻ മുഖാന്തരമാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്. തോടിന്റെ നവീകരണത്തിനുള്ള കമ്മിറ്റികളും രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. . എന്നാൽ ചില വ്യക്തികളുടെ ഭാഗത്തു നിന്നുള്ള എതിർപ്പിനെ തുടർന്ന് പദ്ധതി ഉപേക്ഷിക്കേണ്ടി വന്നതായി കർഷകർ പറയുന്നു. നിലവിൽ മൂന്നാം തഴവയലിൽ 10 ഏക്കറോളം വരുന്ന വയൽ മാത്രമാണ് കൃഷി യോഗ്യമായത്.
പാലം തകർന്നാൽ
നമ്പരുവികാല പ്രാഥമിക ആരോഗ്യ കേന്ദ്രം, നമ്പരുവികാല ഗവ. യു.പി സ്കൂൾ, ശ്രീനാരായണ സെൻട്രൽ സ്കൂൾ എന്നിവയെല്ലാം പാലത്തിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങളാണ്. പാലം തകർന്ന് വീണാൽ ആലുംതറ മുക്കിന് കിഴക്കൻ പ്രദേശവുമായുള്ള ബന്ധം പൂർണമായും അറ്റ്പോകും. പാലം പുനർ നിർമ്മിക്കാനാവശ്യമായ നടപടികൾ നഗരസഭാ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നഗരസഭയുടെ ഭാഗമായ 4, 6, 8, 9 എന്നീ ഡിവിഷനുകൾ പാലത്തിന്റെ പരിധിയിൽ വരും. വർഷങ്ങളായി പാലം അപകടത്തിലാണ്. പാലത്തിന്റെ അടി ഭാഗത്തെ കോൺക്രീറ്റ് പൂർണമായും അടർന്ന് മാറി.പാലത്തിന്റെ പുനർ നിർമ്മാണം ഉടനെ ആരംഭിക്കണം.
സജിത്ത് കൂട്ടിങ്ങൽ, സെക്രട്ടറി,
ഏകീകൃത ജെ.എസ്.എസ്,
കരുനാഗപ്പള്ളി മുൻസിപ്പൽ കമ്മിറ്റി: