vayanakam
മഴപെയ്താൽ വെള്ളക്കെട്ടാകുന്ന വയനകം ജംങ്ഷൻ

ഓച്ചിറ: മഴപെയ്താൽ വെള്ളക്കെട്ടാകുന്ന വയനകം ജംഗ്ഷനിൽ ഓട നിർമ്മിക്കണമെന്ന ആവശ്യം ശക്തമാക്കുന്നു. ദേശീയപാതയിൽ കല്ലൂർമുക്കിൽ നിന്ന് വയനകം ജംഗ്ഷൻ വഴിയാണ് ഓച്ചിറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജനങ്ങൾ എത്തിച്ചേരുന്നത്. ചെറുമഴക്ക് പോലും വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. വാഹനങ്ങൾ കടന്നു പോകുമ്പോൾ വ്യാപാര സ്ഥാപനങ്ങളിലേക്ക് മലിന ജലം ഇരച്ചുകയറുന്ന അവസ്ഥയുമുണ്ട്. ഓച്ചിറ സി. എച്ച്. സി, ആയുർവേദ ഹോസ്പിറ്റൽ, സ്കൂളുകൾ, വള്ളിക്കുന്നം, തഴവ ഉൾപ്പെടെ ഉള്ള പ്രദേശങ്ങളിലേക്ക് ജനങ്ങൾ ഉപയോഗിക്കുന്ന പ്രധാന റോഡിന്റെ മിക്ക ഭാഗങ്ങളിലും വെള്ളക്കെട്ട് സ്ഥിരം കാഴ്ചയാണ്. വയനകം ജംഗ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരമായി ഇവിടെ ഓട നിർമ്മിക്കുകയും റോഡ് നിരപ്പ് ഉയർത്തുകയും ചെയ്യണമെന്നാവശ്യപ്പെട്ട് ഓച്ചിറ ഗ്രാമപഞ്ചായത്തംഗം മിനി പൊന്നൻ പൊതുമരാമത്ത് അധികൃതർക്ക് പരാതി നൽകി.