v

അഞ്ചൽ: ഉത്രകേസിൽ വിധി എന്താകുമെന്നറിയാൻ ആകാക്ഷയോടെ കാത്തിരിക്കുകയാണ് ഉത്രയുടെ സ്വന്തം നാടായ അഞ്ചൽ എറം എന്ന ഗ്രാമത്തിലുള്ളവർ. പ്രദേശവാസികൾക്ക് ഏറെ പ്രിയങ്കരിയും നിഷ്കളങ്കയുമായിരുന്ന ഉത്രയെ സ്വന്തം വീട്ടിൽ വച്ച് ഭർത്താവ് സൂരജ് മൂർഖനെക്കൊണ്ട് കടിപ്പിച്ചു കൊന്ന അപൂർവ കൊലപാതകത്തിന്റെ ഞെട്ടൽ ഇപ്പോഴും ഇവരിൽ നിന്ന് വിട്ടകന്നിട്ടില്ല. സൂരജിന് കൊലക്കയർതന്നെ കിട്ടണമെന്നാണ് നാടിന്റെ പ്രാർത്ഥന.

2020 മെയ് 7ന് രാത്രിയിൽ നടന്ന കൊലപാതകം പകൽ നാടറിഞ്ഞപ്പോൾ, ആദ്യം ആർക്കും വലിയ സംശയമുണ്ടായില്ല. പക്ഷേ, പതിയെ ദുരൂഹതകൾ വികസിച്ചപ്പോൾ അതൊരു കൊലപാതകമാണെന്ന യാഥാർത്ഥ്യം പുറത്തുവരികയായിരുന്നു.

ബന്ധുക്കൾ അഞ്ചൽ പൊലീസിൽ പരാതി നൽകിയെങ്കിലും കേസ് അന്വേഷണം ഇഴഞ്ഞാണ് നീങ്ങിയത്. ഉത്രയുടെ മരണത്തിൽ ദുരഹതയുണ്ടെന്നും കൊലപാതമെന്ന് സംശയിക്കുന്നതായും മേയ് 22 ന് 'കേരളകൗമുദി'യാണ് ആദ്യം വാർത്ത പ്രസിദ്ധീകരിച്ചത്. തുടർന്ന് ബന്ധുക്കൾ കൊട്ടാരക്കര റൂറൽ എസ്.പി ഹരിശങ്കറിന് പരാതി നൽകുകയും പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട് ഉടൻ തന്നെ കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുകയുമായിരുന്നു. ഡിവൈഎസ്.പി. എ. അശോകന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അടുത്ത ദിവസം തന്നെ കൊലപാതകം നടന്ന വീട്ടിലെത്തി പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. 25ന് സൂരജും പാമ്പ് പിടിത്തക്കാരൻ സുരേഷും അറസ്റ്റിലായി. തുടർന്ന് നടന്ന അന്വേഷണത്തിൽ ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖനെ ആറ്റിങ്ങൽ ആലംകോട്ട് നിന്നാണ് പിടികൂടിയതെന്നും കണ്ടെത്തി. മൂർഖന്റെ പുറംചട്ട ഇവിടെ നിന്നു കണ്ടെടുത്തതോടെ കേസിലെ ഏറ്റവും നിർണ്ണായകമായ തെളിവ് അന്വേഷണ സംഘത്തിന് ലഭിക്കുകയായിരുന്നു. സാക്ഷികൾ ഇല്ലാത്ത കേസ് ആയതിനാൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് അന്വേഷണ സംഘത്തിന് ആത്മവിശ്വാസം പകർന്നത്.