പത്തനാപുരം: പഞ്ചായത്ത് അധികൃതരുടെയും പൊലീസിന്റെയും സംയുക്ത പരിശോധനയിൽ അനധികൃ മാംസവിപണന കേന്ദ്രങ്ങളിൽ നിന്ന് മാസം പിടികൂടി.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ അറവുകേന്ദ്രങ്ങൾ ആരംഭിക്കുകയും മാംസ വിപണന ശാലകൾ പഞ്ചായത്ത് ലേലം നടത്തുകയും ചെയ്തിരുന്നു. എന്നാൽ പലേടത്തും അനധികൃതമായി കശാപ്പുണ്ടെന്ന പരാതി ഉയർന്നതോടെയാണ് പരിശോധന നടന്നത്. ഇന്നലെ പുലർച്ചെ രണ്ടോടെ നടത്തിയ പരിശോധനയിൽ വീടുകളോട് ചേർന്ന് വൃത്തിഹീനമായ അന്തരീക്ഷത്തിൽ കശാപ്പ് നടത്തുന്നതും കണ്ടെത്തി. പിടിച്ചെടുത്ത മാംസം ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ഉപയോഗ ശൂന്യമാക്കി. മാംസം കടത്താൻ ഉപയോഗിച്ച രണ്ട് വാഹനങ്ങൾ പിടികൂടുകയും ചെയ്തു. ഇടത്തറ താന്നിവിള വീട്ടിൽ സലിം, സത്യനഴികത്തിൽ നാസർ, സഹായികളായ പാലമൂട്ട് പുരയിടത്തിൽ ഷാജഹാൻ, വാലുതുണ്ടിൽ പുരയിടത്തിൽ അജി എന്നിവർക്കെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു.
സലീം,നാസർ എന്നിവരുടെ വീടുകളോട് ചേർന്ന് ഷെഡുകളിലാണ് കശാപ്പ് നടന്നത്. കോന്നി,വകയാർ,പത്തനംതിട്ട ഭാഗങ്ങളിലേക്ക് കൊണ്ടുപോകാനായി പിക്കപ് വാൻ, ഓട്ടോറിക്ഷ എന്നിവയിൽ കയറ്റിയ മാംസവും പിടികൂടി. ഇവ പിന്നീട് നീലിക്കോണത്തെ പഞ്ചായത്ത് ഭൂമിയിൽ കുഴിച്ചുമൂടി. റെയ്ഡിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി, സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.വൈ. സുനറ്റ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ, പത്തനാപുരം സി.ഐ സുരേഷ് കുമാർ, എസ്.ഐ അരുൺ, ജയകുമാർ, രാജേഷ്, ഷൈബാ മസൂദ്, കുഞ്ഞിരാമൻ തുടങ്ങിയവർ നേതൃത്വം നല്കി.