thop-
കൊച്ചുപിലാംമൂട് തോപ്പ് പള്ളിക്ക് സമീപം നഗരസഭ പുതുക്കിപ്പണിത ഓട. വെള്ളം ഒഴുക്കിവിടാൻ ഇപ്പോഴെടുത്ത കുഴി സമീപം

കൊല്ലം: മലിനജലം സുഗമമായി ഒഴുകിയിരുന്ന നഗരത്തിലെ ഓട കണ്ടിട്ട് നഗരസഭയ്ക്ക് അത്ര സുഖിച്ചില്ല, ഒന്ന് പുതുക്കി പണിതേക്കാം!. പിന്നൊന്നും നോക്കിയില്ല, അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഓട പുതുക്കിപ്പണിയാൻ നഗരസഭ തീരുമാനമെടുത്തു. ഒടുവിൽ പണികിട്ടിയത് നാട്ടുകാർക്കാണെന്ന് മാത്രം. ഇപ്പോൾ ഓട ഒഴുകുന്നത് നേരത്തേയുള്ളതിന്റെ നേരെ എതിർവശത്തേക്കാണ്. റോഡിലും സമീപത്തെ വീടുകളിലുമെല്ലാം മലിനജലം കെട്ടിക്കിടക്കുന്ന സ്ഥിതിയാണെന്ന് സമീപവാസികൾ പറയുന്നു.

കൊച്ചുപിലാംമൂട് തോപ്പ് പള്ളിക്ക് സമീപമാണ് പ്രദേശവാസികളെ ബുദ്ധിമുട്ടിച്ച് ഓടയുടെ പുനഃരുദ്ധാരണം നടത്തിയത്. തോപ്പ് പള്ളിയുടെ മുന്നിൽ നിന്ന് തുടങ്ങി പള്ളിത്തോട്ടം ഭാഗത്ത് കൊല്ലം തോട്ടിൽ അവസാനിക്കുന്ന തരത്തിലാണ് ഓട. എന്നാൽ ചരിവ് നിശ്ചയിച്ചതിന് വിപരീതമായി ഇപ്പോൾ മലിനജലം ഒഴുകുന്നത് തോപ്പ് പള്ളിയുടെ ഭാഗത്തേക്കാണെന്ന് മാത്രം. ചെറിയമഴ പെയ്ത്താൽപ്പോലും വെള്ളക്കെട്ടാകുന്ന ഇവിടത്തെ റോഡിൽ ഇപ്പോൾ മലിനജലം ഒഴുകിയെത്തുന്ന സ്ഥിതിയാണ്. പ്രദേശത്തെ നൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റേഷൻകട ഇതിനടുത്താണ് സ്ഥിതിചെയ്യുന്നത്. തൊട്ടടുത്ത് പ്രൈമറി സ്‌കൂളുള്ളതിനാൽ സ്‌കൂൾ തുറക്കുന്നതോടെ കുട്ടികളും വലയും.

നാട്ടുകാരുടെ ആവശ്യം

പ്രദേശവാസികളുടെ എതിർപ്പും പ്രതിഷേധവും ശക്തമായപ്പോൾ നഗരസഭയുടെ നേതൃത്വത്തിൽ ഓടയുടെ തൊട്ടടുത്ത് വലിയൊരു കുഴിയെടുത്തു. അതുവഴി മലിനജലം ഒഴുക്കിവിടാനാണെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ കുഴിയെടുത്ത ഭാഗത്ത് ടാങ്ക് നിർമ്മിച്ച് പ്രശ്‌നപരിഹാരം കാണാമെന്നുള്ള കണക്കുകൂട്ടലിലാണ് നഗരസഭ. ഒരുവശത്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമ്പോഴും അധികൃതർ തന്നെ രോഗസാദ്ധ്യത ഉയർത്തുന്ന നടപടികൾ കൈക്കൊള്ളുന്നതി നാട്ടുകാർക്ക് എതിർപ്പുണ്ട്. ഓട പുനർനിർമ്മാണത്തിലെ അപാകത പരിഹരിച്ച് മലിനജലം ഒഴുക്കിക്കളയണമെന്നാണ് അവരുടെ പ്രധാന ആവശ്യം.