കൊല്ലം: നീണ്ടകര പാലത്തിൽ കെ.എസ്.ആർ.ടി.സി ബസ് പണിമുടക്കിയതോടെ ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ പെട്ടു. കരുനാഗപ്പള്ളിയിൽ നിന്ന് കൊല്ലത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസാണ് ഇന്നലെ വൈകിട്ട് 4.30ഓടെ പാലത്തിന്റെ മദ്ധ്യഭാഗത്തുവച്ച് പണിമുടക്കിയത്. നഗരത്തിലേക്ക് പ്രവേശിക്കുന്ന ഏക മാർഗംകൂടിയായതിനാൽ വാഹനങ്ങൾ വഴിതിരിച്ചുവിടാനും സാധിച്ചില്ല. തൊട്ടടുത്തുണ്ടായിരുന്ന എസ്.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള ശക്തികുളങ്ങര പൊലീസ് സംഘം ഗതാഗതം നിയന്ത്രിക്കുന്നതിനിടെ അതുവഴിവന്ന സ്വകാര്യ കമ്പനിയുടെ ക്രയിൻ ഉപയോഗിച്ച് ബസിനെ ശക്തികുളങ്ങര ഭാഗത്തേക്ക് മാറ്റുകയായിരുന്നു. ബസ് പണിമുടക്കിയത് മൂലം ഏകദേശം ഇരുപത് മിനിട്ടോളം ഇരുവശത്തേക്കും വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത തരത്തിൽ ഗതാഗതകുക്കുരുക്കുണ്ടായി.