a
എഴുകോൺ പഞ്ചായത്ത് പ്രസിഡൻ്റ് രതീഷ് കിളിത്തട്ടിലിന്റെ നേതൃത്വത്തിൽ സ്കൂളുകൾ സന്ദർശിക്കുന്നു

എഴുകോൺ : സ്കൂൾ തുറക്കുന്നതോടെ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി നല്ല വിദ്യാലയം സുരക്ഷിത പഠനം പദ്ധതിയുമായി എഴുകോൺ പഞ്ചായത്ത്. ഒന്നര വർഷക്കാലമായി അടഞ്ഞ് കിടക്കുന്ന സ്കൂളുകളുടെ അടിയന്തര അറ്റകുറ്റ പണികൾക്കായി 24 ലക്ഷം രൂപയുടെ പദ്ധതിയാണ് അനുവദിച്ചിരിക്കുന്നത്. സ്‌കൂളുകളുടെ അറ്റകുറ്റപ്പണികൾക്ക് പത്ത് ലക്ഷം, ശൗചാലയ നിർമ്മാണത്തിന് 10,70000, ശൗചാലയ അറ്റകുറ്റപ്പണിക്ക് 10,0000, കുടിവെള്ള സ്രോതസുകളുടെ നവീകരണത്തിന് 15,0000, സ്‌കൂൾ ഉപകരണങ്ങൾക്കായി 80000 എന്നിങ്ങനെയാണ് തുക മാറ്റിവച്ചിരിക്കുന്നത്. പഞ്ചായത്തിലെ 13 പൊതുവിദ്യാലയങ്ങളിലെ പ്രധാന അദ്ധ്യാപകരുടെ യോഗത്തിൽ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രസിഡന്റ് രതീഷ് കിളിത്തട്ടിലിന്റെ നേതൃത്വത്തിലുള്ള സമിതി സ്കൂളുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് പദ്ധതിയിൽ നടപ്പാക്കുന്നത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥി, യുവജന സംഘടനകൾ, സന്നദ്ധസംഘടനകൾ, ക്ലബുകൾ തുടങ്ങിയവയുടെ യോഗം വിളിച്ച് പ്രവർത്തന രൂപരേഖ തയ്യാറാക്കിയതായും പ്രസിഡന്റ് അറിയിച്ചു. കാരുവേലിൽ ടി.കെ.എം എൻജിനിയറിംഗ് കോളജിലെ എൻ.എസ്.എസ് യൂണിറ്റുകളിലെ വിദ്യാർത്ഥികൾ പത്തോളം സ്കൂളുകളിലെ കമ്പ്യൂട്ടർ ഉൾപ്പടെയുള്ള ഉപകരണങ്ങൾ പ്രവർത്തനക്ഷമാക്കി നൽകിയിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര ജോൺസൺ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.ആർ.ബിജു, ബീനമാമച്ചൻ, ജനപ്രതിനിധികളായ വി.സുധർമ്മ, രഞ്ജിനി അജയൻ, വി.സുബർഹാൻ, മഞ്ജുരാജ്, വി.സിബി എന്നിവർ പഞ്ചായത്ത് സമിതിക്ക് നേതൃത്വം നൽകും.