പുനലൂർ: കനത്ത വേനലിൽ കല്ലടയാറ്റിലെ ജലനിരപ്പ് സ്ഥിരമായി ഉയർത്തുന്നതിന് വേണ്ടി പുനലൂർ പേപ്പർ മില്ലിനോട് ചേർന്ന പഴയ തടയണയുടെ ഉയരം വർദ്ധിപ്പിക്കാനുള്ള പുനരുദ്ധാരണ ജോലികൾ അടുത്ത മാസം ആരംഭിക്കും. ഇതിനുളള കരാർ നടപടികൾ പൂർത്തിയായി. തടയണയുടെ ഉയരം വർദ്ധിപ്പിക്കാൻ 2019ൽ 70.05 ലക്ഷം രൂപയുടെ അടങ്കൽ തയ്യാറാക്കി നൽകിയെങ്കിലും സ്ഥലം എം.എൽ.എയായ പി.എസ്.സുപാൽ മന്ത്രി റോഷി അഗസ്റ്റിനുമായി ബന്ധപ്പെട്ട് പണികൾ ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ടതിനെ തുടർന്നാണ് അടുത്തമാസം പുനരുദ്ധാരണ ജോലികൾ തുടങ്ങുന്നത്.
അടങ്കലിൽ മാറ്റം വരുത്തി, കരാർ റെഡിയായി
ജല സേജനവകുപ്പിനാണ് നിർമ്മാണ ചുമതല. നേരത്തെ രണ്ട് തവണ ടെണ്ടർ ക്ഷണിച്ചെങ്കിലും കരാർ ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. അടങ്കലിൽ മാറ്റം വരുത്തിയതോടെയാണ് കരാറായത്.1888-ൽ ബ്രിട്ടീഷുകാരുടെ കാലത്താണ് പേപ്പർ മില്ലിന് സമീപത്ത് കൂടി കടന്ന് പോകുന്ന കല്ലടയാറിന് മദ്ധ്യേ കരിങ്കല്ലിൽ തടയണ പണിതത്. പേപ്പർ മില്ലിൽ വെള്ളമെടുക്കാനും മറ്റുമായിരുന്നു തടയണ പണിതത്. പിന്നീട് തടയണയിൽ വെള്ളം കെട്ടി നിൽക്കുന്നത് കാരണം വേനൽ കാലയളവിൽ പുനലൂർ നഗരസഭ പ്രദേശങ്ങളിലേക്ക് ആവശ്യമായ കുടി വെള്ളം തടസമില്ലാതെ വാട്ടർ അതോറിറ്റിക്ക് വിതരണം ചെയ്യാൻ കഴിഞ്ഞിരുന്നു. എന്നാൽ കാലാവസ്ഥയിവുണ്ടായ വ്യതിയാനം മൂലം കനത്ത വേനലിൽ കഴിഞ്ഞ 15വർഷമായി കല്ലടയാറ്റിലെ ജല നിരപ്പ് ക്രമാതീതമായി താഴുകയായിരുന്നു. ഇത് നഗരസഭാ പ്രദേശങ്ങളിലെ ജലവിതരണത്തെ ബാധിച്ചു.
താത്ക്കാലിക തടയണകൾ ഫലം കണ്ടില്ല
കനത്ത വേനലിൽ നഗരസഭയുടെ നേതൃത്വത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് തടയണയുടെ ഉയരം മൺ ചാക്ക് അടുക്കി താത്ക്കാലികമായി ഉയർത്താറുണ്ടെങ്കിലും കാലവർഷത്തിൽ മൺ ചാക്ക് ഒലിച്ച് പോകുന്നത് പതിവ് കാഴ്ചയായിരുന്നു. ഇത് കണക്കിലെടുത്ത് രണ്ട് വർഷം മുമ്പ് സ്ഥലം എം.എൽ.എയും മന്ത്രിയുമായിരുന്ന കെ.രാജു അന്നത്തെ ജലസേജന വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് തടയണയുടെ ഉയരം സ്ഥിരമായി വർദ്ധിപ്പിക്കാൻ പദ്ധതിയിട്ടതും തുക അനുവദിച്ചതും. എന്നാൽ നിർമ്മാണ ജോലികൾ അന്തമായി നീണ്ട് പോകുന്നത് കാരണം കനത്ത വേനലിൽ കല്ലടയാറ്റിൽ നിന്ന് വെള്ളം പമ്പ് ചെയ്യാൻ കഴിയാത്തത് കാരണം വാട്ടർ അതോറിറ്റിയുടെ ജല വിതരണം തടസപ്പെടുകയായിരുന്നു .ഇത് കണക്കിലെടുത്താണ് എം.എൽ.എ വകുപ്പ് മന്ത്രിയെ ഇപ്പോൾ നേരിൽ കണ്ട് ചർച്ച നടത്തിയത്.