uthra

കൊല്ലം: പാമ്പുപിടിത്തക്കാരനായ കല്ലുവാതുക്കൽ സ്വദേശി ചാവരുകാവ് സുരേഷ് അന്വേഷണ സംഘത്തിന്റെ വലയിൽ കുടുങ്ങിയതോടെയാണ് ഉത്രയെ സൂരജ് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണസംഘം ഉറപ്പിച്ചത്.

സൂരജിന്റെ ഫോൺ പരിശോധിച്ചപ്പോൾ ചാവരുകാവ് സുരേഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്നെന്ന് വ്യക്തമായി. സുരേഷിനെ കസ്റ്റഡിയിലെടുത്തു. സുരേഷ് കാര്യങ്ങൾ തുറന്നുപറഞ്ഞു. പണം വാങ്ങിയാണ് അണലിയെ കൊടുത്തത്. എലിയെ പിടിക്കാനും ബോധവത്കരണ ക്ലാസ് നടത്താനും വേണ്ടിയെന്നാണ് സൂരജ് പറഞ്ഞത്. പിന്നീട് നഷ്ടപ്പെട്ടുപോയ അണലിയെ പിടിക്കാനെന്നു പറഞ്ഞാണ് മൂർഖനെ വാങ്ങിയത്. ഉത്രയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾ സൂരജിനെ വിളിച്ചു. പാമ്പിനെ വാങ്ങിയ കാര്യം ആരോടും പറയരുതെന്നും എല്ലാവരും സർപ്പശാപമായി കരുതിക്കോളുമെന്നും, പറഞ്ഞാൽ കുടുങ്ങുമെന്നും പറഞ്ഞ് സൂരജ് ഭീഷണിപ്പെടുത്തി. ഈ വെളിപ്പെടുത്തൽ കേസിൽ നിർണായകമായി. പ്രതിയാകേണ്ട സുരേഷിനെ മാപ്പുസാക്ഷിയാക്കി. ഉത്രയുടെ രക്ത പരിശോധനയിൽ മയക്കുമരുന്നിന്റെയും മൂർഖൻ പാമ്പിന്റെ വിഷത്തിന്റെയും അംശം കണ്ടെത്തിയിരുന്നു.

സൂരജിനെതിരായ

തെളിവുകൾ

 രണ്ടുതവണ പാമ്പ് കടിച്ചപ്പോഴും സൂരജിന്റെ സാന്നിദ്ധ്യം

 പാമ്പുകളെ നൽകിയെന്ന ചാവരുകാവ് സുരേഷിന്റെ മൊഴി

 കൈമാറിയ സ്ഥലങ്ങളിലെ ടവർ ലൊക്കേഷനും കാമറ ദൃശ്യങ്ങളും

 ചാവരുകാവ് സുരേഷിനെ നിരന്തരം ഫോണിൽ വിളിച്ചതിന്റെ രേഖകൾ

 ഇന്റർനെറ്റിൽ പാമ്പുകളെക്കുറിച്ച് തിരഞ്ഞത്

 ഉത്രയുടെ കാലിലേറ്റ മുറിവിലെ അസ്വാഭാവികത

 ബലമായി കടിപ്പിച്ചതിനാൽ മുറിവുകൾക്കിടയിൽ വിടവ്

 150 സെന്റീ മീറ്റർ ഉയരത്തിലുള്ള ജനാലയിലേക്ക് മൂർഖൻ ഇഴഞ്ഞു കയറില്ലെന്ന വിദഗ്ദ്ധരുടെ മൊഴി