കൊല്ലം : മൃഗ സംരക്ഷണ വകുപ്പിന്റെ കൊട്ടിയത്തെ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്ററിൽ പന്നിവളർത്തൽ പരിശീലനത്തിന്റെ ഒന്നാം ഘട്ടം ആരംഭിച്ചു. പഞ്ചായത്തംഗം വിനീത ദീപു കർഷകർക്ക് പന്നിക്കുഞ്ഞുങ്ങളെ നൽകി പരിശീലനം ഉദ്ഘാടനം ചെയ്തു. അമ്പതോളം കർഷകർ പങ്കെടുത്തു. വിദേശ രാജ്യങ്ങളുമായി കിടപിടിക്കുന്ന പന്നിഫാമുകൾ കേരളത്തിൽ സ്ഥാപിക്കാനുള്ള സാങ്കേതിക വിദ്യയ്ക്കാണ് പരിശീലനം പ്രാധാന്യം നൽകുന്നത്. മാലിന്യ സംസ്കരണം മെച്ചമായാൽ വലിയ ലാഭം ലഭിക്കുന്ന ബിസിനസാണിത്. പന്നിഫാമിലെ ഖരമാലിന്യം ഡ്രയർ ഉപയോഗിച്ച് ഉണക്കിപ്പൊടിച്ച് വളമാക്കാം. മലിനജലം അരിച്ചെടുത്ത് വിവിധ ബാക്ടീരിയകളെ ഉപയോഗിച്ച് ശുദ്ധീകരിച്ച് കരി, ഗ്രാവൽ, മണൽ എന്നിവ വഴി അരിച്ച് ശുദ്ധജലമാക്കുന്ന സാങ്കേതിക വിദ്യയും വികസിച്ചിട്ടുണ്ട്. സീനിയർ വെറ്ററിനറി സർജൻ ഡോ. എ.എൽ. അജിത്, അസി. ഡയറക്ടർ ഡോ. ഡി. ഷൈൻ കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു.