പുനലൂർ: കനത്ത മഴയെ തുടർന്ന് കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ മരങ്ങൾ കടപുഴകി വീണ് ഒന്നര മണിക്കൂറോളം ഗതാഗതം മുടങ്ങി. ദേശീയ പാതയിലെ തെന്മല, എം.എസ്.എൽ, ഉറുകുന്ന്, മലയോര ഹൈവേയിലെ കരവാളൂരിന് സമീപത്തെ അടുക്കളമൂല തുടങ്ങിയ സ്ഥലങ്ങളിലാണ് കൂറ്റൻ മരങ്ങൾ കടപുഴകി വീണത്. ഇത് കാരണം നിരവധി പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം താറുമാറായി. എം.എസ്.എല്ലിന് സമീപത്തെ പാതയോരത്തെ വനത്തിൽ നിന്ന മരമാണ് കടപുഴകി വൈദ്യുതി പോസ്റ്റ് തകർത്തു കൊണ്ട് വീണത്. ഫയർ ഫോഴ്സ് എത്തി മരം മുറിച്ച് നീക്കിയെങ്കിലും ഇന്നലെ വൈകിട്ട് 5.15ന് ഉറുകുന്ന് ഗുരുദേവ ക്ഷേത്രത്തിന് സമീപത്തെ പാതയോരത്ത് നിന്ന കൊടപ്പാല മരം പിഴുത് ദേശിയ പാതയിൽ വീണ് മുക്കാൽ മണിക്കൂറോളം വീണ്ടും ഗതാഗതം തടസപ്പെട്ടു. വീണ്ടും ഫയർഫോഴ്സ് എത്തി മരം മുറിച്ച് നീക്കി. കനത്ത മഴയത്ത് ദേശിയ പാതയിലൂടെ കടന്ന് വന്ന കാർ സ്ലിപ്പായി മറിഞ്ഞു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രണ്ട് ദിവസം തുടച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. പുനലൂർ ഫയർഫോഴും തെന്മല, പുനലൂർ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനങ്ങൾ നടത്തി വരികയാണ്.