കൊല്ലം: എൻ.എസ് സഹകരണ ആശുപത്രിയിൽ എം.ബി.ബി.എസ് ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളായ ഗൈനക്കോളജി (ഡി.ജി.ഒ), പീഡിയാട്രിക്സ് (ഡി.സി.എച്ച്) എന്നിവ നടത്താൻ നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷന്റെ അംഗീകാരം. സംസ്ഥാനത്ത് ഈ അംഗീകാരം ലഭിക്കുന്ന ഏക സഹകരണ ആശുപത്രിയാണിത്.
ഗൈനക്കോളജിക്ക് നാലും പീഡിയാട്രിക്സിന് രണ്ടു സീറ്റുമാണ് അനുവദിച്ചത്. 2021ലെ നീറ്റ് പരീക്ഷ റാങ്ക് ലിസ്റ്റ് പ്രകാരം നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻ വഴി നേരിട്ടായിരിക്കും പ്രവേശനം. ഈ സീറ്റുകളിലേക്ക് നീറ്റ് റാങ്കനുസരിച്ച് നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷന്റെ സൈറ്റിൽ ഓൺലൈൻ വഴി അപേക്ഷിക്കാം. 36 ചികിത്സാവിഭാഗങ്ങളും 500 കിടക്കകളുമുള്ള എൻ.എസ് ആശുപത്രിക്കാണ് കഴിഞ്ഞ 3 വർഷമായി മികച്ച സഹകരണ ആശുപത്രിക്കുള്ള സംസ്ഥാന അവാർഡ്. 2006ൽ പ്രവർത്തനമാരംഭിച്ച ആശുപത്രിയിൽ പ്രതിവർഷം 5 ലക്ഷത്തോളം രോഗികൾ ചികിത്സതേടിയെത്തുന്നു.
ആശുപത്രി പ്രവർത്തനങ്ങൾക്ക് പുറമെ ഉന്നത മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലേക്കും ഇതോടെ ആശുപത്രി സംഘത്തിന്റെ പ്രവർത്തനം വ്യാപിക്കുകയാണ്. ബിഎസ് സി നഴ്‌സിംഗ് കോളേജ്, ആയുർവേദ ആശുപത്രി എന്നിവയും സംഘത്തിനു കീഴിലുണ്ട്. 200 കിടക്കകളുള്ള ആയുർവേദ ആശുപത്രി ആൻഡ് റിസർച്ച് സെന്റർ, ജെറിയാട്രിക് സെന്റർ, 200 കിടക്കകളുള്ള കാൻസർ സെന്റർ എന്നീ പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ബൈപാസിലെ എൻ.എസ് മെഡിലാൻഡിൽ പുരോഗമിക്കുകയാണ്. റേഡിയോളജി (ഡി.എം.ആർ.ഡി), അനസ്‌തേഷ്യയോളജി (ഡി.എ) എന്നീ കോഴ്സുകൾ നടത്താനുള്ള അംഗീകാരം ഉടൻ ലഭിക്കുമന്ന് പ്രതീക്ഷിക്കുന്നു