കൊല്ലം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അപകീർത്തികരമായ പ്രസംഗം നടത്താനുള്ള പി.സി. ജോർജിന്റെ ശ്രമം കൊല്ലം നഗരത്തിലെ യോഗത്തിന്റെയും ട്രസ്റ്റിന്റെയും നേതാക്കൾ സംഘടിച്ച് തടഞ്ഞു. എസ്.എൻ.ഡി.പി യോഗത്തിന്റെ ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറിയെ ആക്ഷേപിച്ചാൽ ചെരുപ്പേറുണ്ടാകുമെന്ന് യോഗം പ്രവർത്തകർ ഒറ്റക്കെട്ടായി പറഞ്ഞതോടെ പി.സി. ജോർജ് രണ്ട് മിനിറ്റിനുള്ളിൽ പ്രസംഗം അവസാനിപ്പിച്ച് വേദി വിടുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് സമീപത്തെ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. ചിന്നക്കടയിൽ നടന്ന രാപ്പകൽ സമരത്തിന്റെ ഉദ്ഘാടകനായാണ് പി.സി. ജോർജ് എത്തിയത്. നേരത്തേ ജനറൽ സെക്രട്ടറിക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയിട്ടുള്ള പി.സി. ജോർജ് ഇവിടെയും അത് ആവർത്തിക്കുമെന്ന് യോഗം പ്രവർത്തകർക്ക് വിവരം ലഭിച്ചു. ഇതോടെ ശങ്കേഴ്സ് ആശുപത്രിക്ക് സമീപം സംഘടിച്ച യോഗത്തിന്റെയും ട്രസ്റ്റിന്റെയും പ്രവർത്തകർ ചിന്നക്കട ബസ് സ്റ്റാൻഡിലെത്തി. പി.സി ജോർജ് പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ യൂണിയൻ കൗൺസിലർ ഇരവിപുരം സജീവന്റെ നേതൃത്വത്തിലുള്ള സംഘം വേദിയിലേക്ക് ഇരച്ചെത്തി പി.സി ജോർജിന് താക്കീത് നൽകി. മിസ്റ്റർ പി.സി. ജോർജ് ഇത് പൂഞ്ഞാറല്ല, എസ്.എൻ.ഡി.പി യോഗത്തിന്റെ ആസ്ഥാനമായ കൊല്ലമാണ്. ഇവിടെയെത്തി ജനറൽ സെക്രട്ടറിയെ ആക്ഷേപിച്ചാൽ ചെരുപ്പേറുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതോടെ പി.സി. ജോർജ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
ആർ.ഡി.സി ചെയർമാൻ മഹിമ അശോകൻ, യൂണിയൻ കൗൺസിലർമാരായ എം. സജീവ്, നേതാജി രാജേന്ദ്രൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, സെക്രട്ടറി പ്രതാപൻ, യൂണിയൻ പഞ്ചായത്ത് അംഗം അഡ്വ. എസ്. ഷേണാജി, ട്രസ്റ്റ് ബോർഡ് അംഗങ്ങളായ മുരുകേശൻ, ചന്ദനത്തോപ്പ് വിനുരാജ്, പേരൂർ ബൈജുലാൽ, മങ്ങാട് ഉപേന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്. സംഭവമറിഞ്ഞ് പി.സി. ജോർജിനെതിരെ പ്രതിഷേധിക്കാൻ യോഗത്തിന്റെ കൂടുതൽ പ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിച്ചു.