കൊട്ടാരക്കര: പെരുമഴയത്ത് എം.സി റോഡിൽ വാളകം ജംഗ്ഷൻ മുങ്ങി. റോഡ് നിറയെ വലിയ തോതിൽ വെള്ളം നിറഞ്ഞതോടെ ചെറു വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത സ്ഥിതിയായി. ഇന്നലെ രാവിലെ മുതൽ ഇവിടെ വെള്ളം നിറയാൻ തുടങ്ങിയിരുന്നു. ഓടകളിൽ കൂടി വെള്ളം വേണ്ടവിധത്തിൽ ഒഴുകുന്നില്ല. ടൗണിലെത്തുന്ന വെള്ളം ഒഴുകിപ്പോകാൻ മറ്റ് സംവിധാനങ്ങളുമില്ല. ഇതുമൂലം വാളകം ജംഗ്ഷനിൽ ചെറിയ മഴ പെയ്താൽപോലും വെള്ളക്കെട്ട് ഉണ്ടാകാറുണ്ട്. എന്നാൽ ഇന്നലെ മഴ ശക്തിപ്രാപിച്ചതോടെ വെള്ളത്തിന്റെ തോത് കൂടി. കാൽനട യാത്ര തീർത്തും പ്രയാസകരമായി മാറിയിട്ടുണ്ട്. ഒരു കിലോ മീറ്റർ ദൂരത്തിൽ വെള്ളം നിറഞ്ഞ് നിൽക്കുന്ന സ്ഥിതിയാണിവിടെ. എം.സി റോഡിന്റെ ഇരുവശങ്ങളിലും സുരക്ഷാ ഇടനാഴികൾ നിർമ്മിച്ചതിന്റെ പാകപ്പിഴകൾ മൂലമാണ് ഓടയിലേക്ക് വെള്ളം ഇറങ്ങിപ്പോകാത്തത്. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറുന്നുണ്ട്. വാളകത്തെ പ്രധാന ജംഗ്ഷനിലും എം.എൽ.എ ജംഗ്ഷനിലെ വെള്ളം നിറയുകയാണ്. രണ്ട് ദിവസവും മുൻപ് സമാന അനുഭവമുണ്ടായപ്പോൾ കെ.എസ്.ടി.പി അധികൃതരെത്തി ജെ.സി.ബികൊണ്ട് ചിലയിടങ്ങളിൽ വെട്ടിപ്പൊളിച്ചിരുന്നു. ഇതുകൊണ്ട് യാതൊരു ഗുണവും ഉണ്ടായിട്ടില്ല. ഇപ്പോൾ കൂടുതൽ വെള്ളം നിറയുന്ന ഘട്ടമെത്തിയിട്ടും ശാശ്വത പരിഹാരത്തിന് സംവിധാനമുണ്ടാക്കാൻ അധികൃതർ തയ്യാറായിട്ടില്ല.