v

കൊല്ലം: കുടുംബ വീട്ടിൽ നിന്ന് വാടക വീട്ടിലേക്ക് താമസം മാറിയപ്പോൾ ഒറ്റവാശിയേ വൈശാഖിനുണ്ടായിരുന്നുള്ളൂ, ഭേദപ്പെട്ട ഒരു വീട് ഉണ്ടാക്കണം. ശമ്പളത്തിൽ നിന്ന് മിച്ചം പിടിച്ചതും വായ്പയെടുത്തതുമൊക്കെച്ചേർത്ത് ആ സ്വപ്നം യാഥാർത്ഥ്യമാക്കി. കുടുംബ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെ 15 സെന്റ് ഭൂമി വിലയ്ക്ക് വാങ്ങിയാണ് തന്റെ ആഗ്രഹത്തിനൊത്ത വീട് പൂർത്തിയാക്കിയത്. മൂന്നരമാസം മുൻപ് ഗൃഹപ്രവേശന ചടങ്ങ് നടത്തിയപ്പോൾ കൂട്ടുകാരും നാട്ടുകാരും ബന്ധുക്കളുമൊക്കെ പങ്കെടുത്തു. ഗൃഹപ്രവേശന ചടങ്ങുകൾ കഴിഞ്ഞ് അധികം വൈകാതെ ജോലി സ്ഥലത്തേക്ക് പോയി. ഇനി ആറുമാസം കഴിഞ്ഞേ വരുള്ളൂവെന്ന് കൂട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ അമ്മയുടെ അമ്മ ഒന്നര മാസം മുൻപ് മരണപ്പെട്ടു. ഏറെക്കാലമായി വൈശാഖിന്റെ വീട്ടിലാണ് അമ്മൂമ്മ താമസിച്ചിരുന്നത്. അമ്മൂമ്മയെ ഒത്തിരി ഇഷ്ടമായിരുന്ന വൈശാഖ് മരണവാർത്തയറിഞ്ഞപ്പോൾത്തന്നെ അവധിയെടുത്ത് നാട്ടിലെത്തി. ചടങ്ങുകൾ പൂർത്തിയാക്കിയാണ് മടങ്ങിയത്. പക്ഷേ ഇനിയൊരു മടക്കയാത്ര ചേതനയറ്റ ശരീരമായിട്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. അനിയത്തിയെ പഠിപ്പിച്ച് ജോലിക്കാരിയാക്കണമെന്ന് വൈശാഖ് കൂട്ടുകാരോടൊക്കെ പറയുമായിരുന്നു. അനിയത്തിയുടെ പഠനച്ചെലവുകളെല്ലാം വൈശാഖാണ് നോക്കിയിരുന്നതും. അനിയത്തിയുടെ കല്യാണവും കഴിഞ്ഞിട്ട് തനിക്ക് മതിയെന്ന് പറയാറുണ്ടെങ്കിലും അടുത്ത വരവിന് പെണ്ണുകാണാൻ പോകണമെന്ന് ബന്ധുക്കളിൽ പലരും നിർബന്ധിച്ചതുമാണ്. പിതാവ് ഹരികുമാർ മുൻപ് വിദേശത്തായിരുന്നു. തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയശേഷം എറണാകുളത്ത് ഒരു കമ്പനിയിൽ ജോലി ചെയ്തുവരുകയാണ്. അമ്മയും അനിയത്തിയും മാത്രമായിരുന്നു വീട്ടിൽ. അതുകൊണ്ടുതന്നെ സമയം കിട്ടുമ്പോഴെല്ലാം വീട്ടിലേക്ക് വിളിച്ച് വിശേഷങ്ങൾ തിരക്കും. അനിയത്തിയോട് വർത്തമാനം പറയാനായിരുന്നു വൈശാഖിന് കൂടുതലിഷ്ടം. നാട്ടിലെയും വീട്ടിലെയും വിശേഷങ്ങൾ അനിയത്തി പറഞ്ഞുകൂട്ടുമ്പോൾ ജോലിയ്ക്കിടയിലെ ബുദ്ധിമുട്ടുകളൊക്കെ വൈശാഖ് മൂടിവയ്ക്കും. പക്ഷെ, ഇന്നലെ അപ്രതീക്ഷിതമായി വൈശാഖിന്റെ വിയോഗ വാർത്തയറിഞ്ഞതോടെ വീടുമുഴുവൻ നിലവിളിയൊച്ച നിറഞ്ഞു. ഒരുപാട് സ്വപ്നംകണ്ട വീട്ടിലേക്ക് ഇനി വൈശാഖെത്തുന്നത് ദേശീയ പതാക പുതച്ചാണ്. നാടിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ധീര സൈനികനാണ് തങ്ങളുടെ പ്രിയപ്പെട്ടവനെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ ഉറ്റവർക്ക് കഴിഞ്ഞിട്ടില്ല. പെട്ടിയും തൂക്കി പതിവുപോലെ ചിരിച്ചുല്ലസിച്ച് അടുത്ത അവധിയാഘോഷത്തിന് അവനെത്തുമെന്നുതന്നെയാണ് അവർ സ്വയം വിശ്വസിക്കാൻ ശ്രമിക്കുന്നത്.