പുനലൂർ: മഴ ശക്തമായതോടെ വീടുകളുടെ പാർശ്വഭിത്തി ഇടിഞ്ഞു വീണത് താമസക്കാരെ ഭീതിയിലാക്കുന്നു. ഇടമൺ ആന്നൂർ ബാബു വിലാത്തിൽ ഓമന ശശിധരൻ,കരവാളൂർ രണ്ടാം വാർഡിൽ പ്ലാത്തറ പാലാട്ട്കോണം ബിന്ദുഭവനിൽ സരോജിനി എന്നിവരുടെ വീടിന് മുന്നിലെ പാർശ്വഭിത്തികളാണ് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ഇടിഞ്ഞു വീണത്..ഇത്കാരണം വീടുകളും നിലം പൊത്തുമെന്ന ഭീതിയിലാണ് കുടുംബാഗങ്ങൾ. സരോജിനിയുടെ വീടിന്റെ മുന്നിലെ കരിങ്കല്ലിൽ കെട്ടിയ 15അടി ഉയരമുളള സംരക്ഷണ ഭിത്തിയാണ് കനത്ത മഴയിൽ പൂർണമായും തകർന്ന് വീണത്.ഇതിന് സമീപത്ത് സ്ഥിതി ചെയ്തിരുന്ന കക്കൂസ്, വാട്ടർ ടാങ്ക് തുടങ്ങിയവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. ഇന്നലെ 85.4 മില്ലീ മീറ്റർ മഴയാണ് പുനലൂരിലും സമീപ പ്രദേശങ്ങളിലും അനുഭവപ്പെട്ടതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടൽ ഉണ്ടാകാനുളള സാദ്ധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾ രാത്രി യാത്ര പരമാവധി ഒഴിവാക്കണമെന്നും മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണായ ജില്ലാ കളക്ടർ അറിയിച്ചു.