കൊല്ലം: ശങ്കേഴ്സ് ആശുപത്രിയെ തകർക്കാൻ ഒരുവിഭാഗം നടത്തുന്ന നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എൻ. രാജേന്ദ്രൻ, അനിൽ മുത്തോടം, പി. സുന്ദരൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. പിരിച്ചുവിടപ്പെട്ട ജീവനക്കാരെ മുന്നിൽനിറുത്തി പിന്നിൽ നിന്ന് ചരടുവലിക്കുന്ന ഗൂഢസംഘത്തിന്റെ ലക്ഷ്യം വെള്ളാപ്പള്ളി നടേശനെയും ശങ്കേഴ്സിനെയും തകർക്കുകയാണ്. അവർ അതിനായി എല്ലാ ഛിദ്രശക്തികളെയും കൂട്ടുപിടിക്കുകയാണ്. ശ്രീനാരായണ പ്രസ്ഥാനത്തിനെതിരെ സമരം ചെയ്യാൻ ഗുരുദേവ ദർശനത്തിന് നേർവിപരീതമായ ദിശയിൽ സഞ്ചരിക്കുന്നവരെ അണിനിരത്തുന്ന അപകടകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒടുവിൽ സ്വന്തം നാട്ടുകാർ തന്നെ കുപ്പത്തൊട്ടിയിൽ എറിഞ്ഞ പി.സി. ജോർജിനെ കളത്തിലിറക്കിയിരിക്കുകയാണ്. യോഗം ജനറൽ സെക്രട്ടറിക്കെതിരെ പ്രസംഗിക്കാൻ ഹോം വർക്ക് നടത്തി യോഗത്തിന്റെ ആസ്ഥാനത്ത് വന്നിറങ്ങിയ പി.സി. ജോർജിന് അതേവേഗതയിൽ തന്നെ പിന്തിരിഞ്ഞോടേണ്ടി വന്നത് മറ്റുള്ളവർക്കും പാഠമാണ്. ഈ നേതാവ് ജാതിമത സംഘടനകളെ കൂട്ടിയടിപ്പിച്ചാണ് നേതാവായി നിലനിൽക്കുന്നതെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് വ്യക്തമായതാണ്. തിരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച് ഗീർവാണം വിട്ടുനടന്ന ഈ നേതാവിന് പൂഞ്ഞാറിലെ ജനങ്ങൾ ചുട്ടമറുപടിയാണ് ബാലറ്റിലൂടെ നൽകിയത്.

വെള്ളാപ്പള്ളി നടേശനെ അപകീർത്തിപ്പെടുത്തുക മാത്രമാണ് ഇവരുടെ ലക്ഷ്യം. അതിനായി മൈക്ക് കിട്ടിയാൽ എന്തും വിളിച്ചുപറയുന്നവരെ ക്ഷണിച്ചുവരുത്തുകയാണ്. ഇത്തരക്കാരെ ഇനി എഴുന്നള്ളിച്ചാൽ പി.സി. ജോർജിനുണ്ടായ അനുഭവം ആവർത്തിക്കും. ശങ്കേഴ്സിനോടും ശ്രീനാരായണ പ്രസ്ഥാനങ്ങളോടും എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ഇത്തരം തെറ്റായ നീക്കങ്ങൾ ഉപേക്ഷിക്കണം. പകരം സംയമനത്തിന്റെ പാത സ്വീകരിക്കണം. പരാതികളും പ്രശ്നങ്ങളും കൂട്ടായി ചർച്ച ചെയ്ത് പരിഹരിക്കാൻ തയ്യാറാകണമെന്നും ആശുപത്രി ഭാരവാഹികൾ വ്യക്തമാക്കി.