കൊല്ലം: സ്പീഡ് പോസ്റ്റ് നൽകാനെത്തിയ പോസ്റ്റ് വുമണിനെ ദമ്പതികൾ ആക്രമിച്ചതായി പരാതി. പെരുമ്പുഴ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് വുമണായ പി.കെ. ആതിരയാണ് പെരുമ്പുഴ കുളത്തുംകര സ്വദേശികളായ ദമ്പതികൾക്കെതിരെ കുണ്ടറ പൊലീസിൽ പരാതി നൽകിയത്. ആതിരയുടെ പരാതി ഇങ്ങനെ: തിങ്കളാഴ്ച സ്പീഡ് പോസ്റ്റ് എത്തിക്കാനായി കുളത്തുംകര ഭാഗത്തെത്തി. വിലാസക്കാരിയുടെ വീടിന് മുന്നിൽ വെള്ളക്കെട്ടായതിനാൽ അവിടേക്ക് നടന്നുകയറാൻ കഴിഞ്ഞില്ല. അതുകൊണ്ട് തൊട്ടടുത്ത വീട്ടുമുറ്റത്ത് നിന്ന് വിലാസക്കാരിയെ വിളിച്ചു. ഇറങ്ങിവന്ന വിലാസക്കാരി കത്ത് വാങ്ങിയശേഷം തന്റെ പേന പിടിച്ചുവാങ്ങിയിട്ട് കൈ പിടിച്ച് തിരിച്ചു. ഇതിനിടെ വിലാസക്കാരിയുടെ വീട്ടിൽ നിന്നിറങ്ങിവന്ന പുരുഷൻ തനിക്ക് നേരെ അസഭ്യവർഷം നടത്തി. ഇതുകാരണം തന്റെ ജോലി തടസപ്പെട്ടെന്നും കൈയ്ക്ക് അസഹ്യമായ വേദനയുണ്ടെന്നും പരാതിയിൽ പറയുന്നു. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി കുണ്ടറ പൊലീസ് പറഞ്ഞു.