പുനലൂർ : കനത്ത മഴയിൽ ആര്യങ്കാവ് പഞ്ചായത്തിൽ 15ഓളം വീടുകൾക്ക് വ്യാപകനാശം സംഭവിച്ചു. വെഞ്ച്വർ സ്വദേശികളായ പുഷ്പാഗദൻ, ചന്ദ്രൻ തുടങ്ങിയവരുടെ വീടുകളാണ് ഇടിഞ്ഞു വീണത്. ചില വീടുകളുടെ പാർശ്വഭിത്തി ഇടിഞ്ഞു വിഴുകയും ചെയ്തു. മഴ കനത്തതോടെ ദേശീയ പാതയിൽ നിന്ന് എസ്റ്റേറ്റിലേക്ക് കടന്ന് പോകുന്ന ചേനഗിരി പാലം ഇടിഞ്ഞു താഴ്ന്നത് കാരണം തോട്ടം മേഖലകളിലേക്കുള്ള ഗതാഗാതം പൂർണമായും നിലച്ചു. ഇത് കൂടാതെ അച്ചൻകോവിൽ റോഡിലെ വളയം ഭാഗത്തെ ചപ്പാത്ത് ഇടിഞ്ഞ് , ചപ്പാത്തിന്റെ അടി ഭാഗം മലവെള്ളപ്പാച്ചിലിൽ ഒലിച്ച് പോയത് ഗതാഗതത്തിന് ഭീഷണിയായി മാറി. വെഞ്ച്വർ എസ്റ്റേറ്റിന് സമീപത്തെ ചന്ദ്രന്റെ വീടിന്റെ ഒരുഭാഗവും കനത്ത മഴയിൽ തകർന്ന് വീണത്. ഇടപ്പാളം ഫോറസ്റ്റ് സ്റ്റേഷന് സമീപത്തെ അരുണോദയം കോളനിയിൽ ഹരികൃഷ്ണന്റെ വീടിന്റെ മതിലുമാണ് ഇടിഞ്ഞു വീണത്. തിങ്കളാഴ്ച രാത്രിയിൽ പെയ്ത ശക്തമായ മഴയിലാണ് വ്യാപക നാശം സംഭവിച്ചത്. പത്ത് വർഷം മുമ്പ് പെയ്ത മഴയിൽ ചെറിയതോതിൽ ഇടിഞ്ഞു താഴ്ന്ന ചേനഗിരി പാലത്തിലൂടെ ചെറിയ വാഹനങ്ങൾ അന്ന് കടന്ന് പോയിരുന്നു . എന്നാൽ തിങ്കളാഴ്ച രാത്രിയിൽ പെയ്ത കനത്തമഴയിൽ പാലത്തിന്റെ അടിയിലെ മണ്ണ് മല വെളളപ്പാച്ചിലിൽ ഒലിച്ച് പോയതോടെ പാലം കൂടുതൽ ഇടിഞ്ഞു താഴ്ന്നത്. ഇതാണ് പാലം വഴിയുള്ള ഗതാഗതം പൂർണമായും നിലക്കാൻ കാരണം. പാലത്തിലൂടെയുള്ള ഗതാഗതം നിലച്ചതോടെ തോട്ടം തൊഴിലാളികൾ ദേശീയ പാതയിലെ കഴുതുരുട്ടിയിലും മറ്റും എത്താൻ കഴിയാതെ കടുത്ത ആശങ്കയിലാണ്.