കരുനാഗപ്പള്ളി: കേരഫെഡ് തൊഴിലാളികളുടെ അനിശ്ചിതകാല സമരം കാരണം കേര വെളിച്ചെണ്ണയുടെ ഉത്പ്പാദനം പൂർണമായും നിലച്ചു. കഴിഞ്ഞ 8 ദിവസമായി കേരഫെഡ് പുതിയകാവ് ഫാക്ടറിയിലെയും കോഴിക്കോട് ഫാക്ടറിയിലെയും തൊഴിലാളികളും ജീവനക്കാരും സമരത്തിലാണ്. ജീവനക്കാർ ഉൾപ്പടെ 285 ഓളം പേരാണ് സമരം ചെയ്യുന്നത്. കേരഫെഡിന്റെ താക്കോൽ സ്ഥാനങ്ങളിൽ ഇരിക്കുന്ന ഉയർന്ന ഉദ്യോഗസ്ഥർ മാത്രമാണ് വല്ലപ്പോഴും ജോലിക്കെത്തുന്നത്. 17 വർഷം മുമ്പാണ് തൊഴിലാളികൾ ഇതിന് മുൻപ് അവകാശങ്ങൾക്കായി അനിശ്ചിതകാല സമരം നടത്തിയത്. ജീവനക്കാരുടെ അവധി ഏകീകരിക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക, അർഹതപ്പെട്ടവർക്ക് പ്രമോഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാരും തൊഴിലാളികളും സമര മുഖത്ത് നിൽക്കുന്നത്. സമരത്തിന് ശ്വാശതമായ പരിഹാരം കാണുന്നതിൽ കമ്പനി മാനേജ്മെന്റ് മുന്നോട്ട് വന്നില്ലെങ്കിൽ സമരം നീളുമെന്നാണ് യൂണിയൻ നേതാക്കൾ പറയുന്നത്. സമരത്തെ തുടർന്ന് കേരഫെഡിന് കോടികളുടെ നഷ്ടമാണുള്ളത്.
വെളിച്ചെണ്ണയുടെ വില ഉയർന്നു
പൊതു വിപണിയിൽ വെളിച്ചെണ്ണയുടെ വില ക്രമാതീതമായി ഉയർന്ന് തുടങ്ങി. കോഴിക്കോട്, പുതിയകാവ് പ്ലാന്റുകളിലായി ദിവസം 85 ടൺ കൊപ്രയാണ് ആട്ടുന്നത്. ഇതിൽ നിന്ന് 55 ടൺ വെളിച്ചെണ്ണ ദിവസവും കിട്ടുന്നുണ്ടായിരുന്നു. തൊഴിലാളികളുടെ പണിമുടക്കിനെ തുടർന്ന് ഫാക്ടറികൾ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. കേരഫെഡ് എണ്ണ പൊതു വിപിണിയിൽ കിട്ടാതായതോടെ സ്വകാര്യ മില്ലുകളിൽ നിന്നുള്ള വെളിച്ചെണ്ണ വിപണി കൈയ്യടക്കി. ഇപ്പോൾ ഒരു കിലോ വെളിച്ചെണ്ണക്ക് 200 രൂപ വരെ ഈടാക്കുന്നതായി ഉപഭോക്താക്കൾ പറയുന്നു.
ചർച്ചയ്ക്കെത്താതെ കമ്പനി അധികൃതർ
കൊല്ലം , പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം , ആലപ്പുഴ, കോഴിക്കോട്,തൃശൂർ തുടങ്ങിയ ജില്ലകളാണ് കേരയുടെ പ്രധാന വിപണന കേന്ദ്രങ്ങൾ. തമിഴ്നാട്ടിലേക്കും കർണാടകത്തിലേക്കുമുള്ള വെളിച്ചെണ്ണയുടെ കയറ്റുമതിയും നിലശ്ചിരിക്കുകയാണ്. സമരം നീണ്ട് പോയൽ ലാഭത്തിൽ പ്രവർത്തിക്കുന്ന ഫാക്ടറി വീണ്ടും നഷ്ടത്തിലേക്ക് കൂപ്പ് കുത്തുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. യൂണിയനുകളുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാൻ മാനേജ്മെന്റ് തയ്യാറാകണമെന്ന് യൂണിയൻ നേതാക്കൾ ആവശ്യപ്പെടുന്നു. സമരം തുടങ്ങി 8 ദിവസങ്ങൾ പിന്നിടുമ്പോഴും പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കമ്പനി അധികൃതർ ഇനിയും മുന്നോട്ട് വന്നിട്ടില്ല. എ.എം.ആരിഫ് എം.പി, സി.ആർ.മഹേഷ് എം.എൽ.എ, യൂണിയൻ നേതാക്കളായ ആർ.ചന്ദ്രശേഖരൻ, ജയമോഹൻ, അനിൽ.എസ്.കല്ലേലിഭാഗം, ബുബു, പരിമണം ശശി തുടങ്ങിയ നേതാക്കൾ സമരപ്പന്തലിലെത്തി തൊഴിലാളികളെ അഭിവാദ്യം ചെയ്തു.