f
എൻ.എസ്. ജയചന്ദ്രൻ

കണ്ണുകൾ കേവലം രണ്ട് അവയവങ്ങൾ മാത്രമല്ല. മനസിന്റെ കണ്ണാടിയാണ്. കാഴ്ചയൊന്നു മങ്ങിയാൽ മനസ് വല്ലാതെ വിങ്ങും. ഈ വിങ്ങൽ തിരിച്ചറിയുന്നൊരു സ്ഥാപനമുണ്ട് കൊല്ലത്ത്. നല്ല കണ്ണടകളിലൂടെ, നല്ല ഇടപെടലുകളിലൂടെ കാഴ്ചയുടെ തിളക്കം ശാശ്വതമാക്കുന്ന ഹൈസ്കൂൾ ജംഗ്ഷനിലെ 'എവർഷൈൻ ഒപ്ടിക്കൽസ്'. ഇവിടെ നന്മനിറഞ്ഞ ചിരിയുമായി ഒരാൾ എപ്പോഴുമുണ്ടാകും; ഉടമ എൻ.എസ്. ജയചന്ദ്രൻ. കലർപ്പില്ലാത്ത കണ്ണടകളിലൂടെ തെളിഞ്ഞ കാഴ്ചകൾ സമ്മാനിക്കുന്ന വിശ്വസ്തനായ വ്യാപാരി. എവർഷൈനിന് ജനമനസുകളിലുള്ള തിളക്കം മങ്ങാതിരിക്കാൻ ജയചന്ദ്രന്റെ സഹധർമ്മിണി വിജയശ്രീയും സ്ഥാപനത്തിൽ പൂർണസമയം ഉണ്ട്.

കൊല്ലം നഗരത്തിൽ നിരവധി വലിയ കണ്ണട വില്പന സ്ഥാപനങ്ങൾ ഉള്ളപ്പോഴാണ് 17 വർഷം മുൻപ് ഹൈസ്കൂൾ ജംഗ്ഷനിൽ ജയചന്ദ്രൻ എവർഷൈൻ ഒപ്ടിക്കൽസ് ആരംഭിച്ചത്. കണ്ണടകൾക്ക് ചെറിയ തകരാറുമായി എത്തുന്നവരിൽ പുതിയ കണ്ണടകൾ അടിച്ചേൽപ്പിച്ച് കച്ചവടം കൊഴുപ്പിക്കുന്ന കാലമായിരുന്നു അത്. ആ ഘട്ടത്തിൽ ജയചന്ദ്രൻ വഴിമാറി സഞ്ചരിച്ചു. കണ്ണട കൃത്യമായി റിപ്പയർ ചെയ്തു നൽകി. കൂടുതൽ പണം വാങ്ങാതെ ഫ്രെയിമുകൾ നിറം പൂശി മനോഹരമാക്കി നൽകി. സ്പെയർപാർട്സുകുളും കൃത്യമായി ലഭ്യമാക്കി. കച്ചവടം പച്ചപിടിച്ചതോടെ കട മിനുക്കി. 85 ശതമാനത്തോളം ലെൻസുകളും സ്റ്റോക്ക് ചെയ്ത് വേഗത്തിൽ ഫിറ്റ് ചെയ്യുന്ന സംവിധാനം ഒരുക്കി. തുടക്കക്കാരന്റെ സത്യസന്ധതയും ആത്മാർത്ഥതയും ജയചന്ദ്രൻ ഇപ്പോഴും നിലനിറുത്തുന്നു. സ്ഥാപനം ആരംഭിച്ചത് മുതൽ ഒപ്ടോമെട്രിസ്റ്റിന്റെ സേവനവും എവർഷൈൻ ഒപ്ടിക്കൽസിൽ സ്ഥിരമായുണ്ട്. കാഴ്ച പരിശോധന സൗജന്യമാണ്.

 ഇതെന്താ വെള്ളരിക്കാപ്പട്ടണമോ!

തുടക്കകാലത്ത് എവർഷൈൻ ഒപ്റ്റിക്കൽസിന്റെ മുന്നിൽ ഒരു ബോർഡിൽ ജയചന്ദ്രൻ ഇങ്ങനെ എഴുതിവച്ചു. 450 രൂപയുടെ കണ്ണട 250 രൂപയ്ക്ക്. ഇതു കണ്ട് പലരും ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോയെന്ന് ചോദിച്ചു. എങ്കിലൊന്നു പരീക്ഷിച്ച് നോക്കാമെന്ന് കരുതി നൂറുകണക്കിന് പേർ കടയിലേക്ക് എത്തിത്തുടങ്ങി. യഥാർത്ഥത്തിൽ 450 രൂപ മുഖവിലയുള്ള, ഉയർന്ന നിലവാരമുള്ള കണ്ണടകൾ തന്നെ ജയചന്ദ്രൻ 250 രൂപയ്ക്ക് നൽകി. അത് അക്കാലത്ത് പാവപ്പെട്ടവർക്ക് ഏറെ ഗുണം ചെയ്തു. ലാഭവും സർവീസ് ചാർജ്ജും പൂർണമായി ഒഴിവാക്കിയായിരുന്നു അന്നത്തെ കച്ചവടം. ഇപ്പോഴും ജയചന്ദ്രന്റെ മനസിൽ ലാഭക്കൊതിയില്ല. അതുകൊണ്ടുതന്നെ എവർഷൈൻ ഒപ്ടിക്കൽസിൽ എത്തുന്നവർ കീശ കീറാതെയാണ് മടങ്ങുന്നത്. കോൺടാക്ട് ലെൻസ്, കളർ ലെൻസ് എന്നിവയ്ക്ക് പുറമേ ബ്രാൻഡഡ് ലെസൻസുകൾ, പഴയ തലമുറയുടെയും പുതിയ തലമുറയുടെയും ടേസ്റ്റിനൊത്ത ഫ്രെയിമുകൾ എന്നിവയുടെ വിപുല ശേഖരവുമുണ്ട്. തിരഞ്ഞെടുക്കുന്ന ഫ്രെയിമിൽ വളരെ വേഗം തന്നെ ലെൻസുകൾ ഘടിപ്പിച്ച് നൽകും.

 കാരുണ്യത്തിന്റെ തെളിമ

കാരുണ്യത്താൽ തെളിമയാർന്നതാണ് ജയചന്ദ്രന്റെ ജീവിതം. ഇഞ്ചവിള വൃദ്ധസദനം, പത്തനാപുരം ഗാന്ധിഭവൻ എന്നിവിടങ്ങളിൽ പലതവണ സൗജന്യമായി കാഴ്ചപരിശോധന നടത്തിയിട്ടുണ്ട്. സൗജന്യമായി കണ്ണടയും നൽകിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലും സൗജന്യ കാഴ്ച പരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ച് വരുന്നു. അഞ്ചാലുംമൂട് റോട്ടറി ക്ലബ്ബിന്റെ സെക്രട്ടറിയാണ്. വൈസ് മെൻ ക്ലബ്ബ് ഒഫ് കൊല്ലം റോയൽസിന്റെ പ്രസിഡന്റാണ്. അഞ്ചാലുംമൂട് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇഞ്ചവിള ആഫ്റ്റർ കെയർ ഹോമിൽ അടുത്തിടെ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചതിന് പുറമേ വസ്ത്രങ്ങളും ആവശ്യമായ സാമഗ്രികളും നൽകി.

 ലക്ഷ്യത്തിലേക്ക് വേഗത്തിൽ

വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ തന്നെ ജയചന്ദ്രന് സ്വന്തം കാലിൽ നിൽക്കണമെന്ന ആഗ്രഹമായി. അതിന് കടൽ കടക്കണം. ഗൾഫിലേക്ക് പോകാനായി തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കാൻ തീരുമാനിച്ചു. കോൺടാക്ട് ലെൻസ് മേക്കിംഗ് കോഴ്സും ഹ്രസ്വകാല ഒപ്ടോമെട്രിക് കോഴ്സും പാസായി. പത്ത് വർഷത്തോളം പ്രമുഖ കണ്ണട കടയിൽ ജോലിയെടുത്തു. അതിന് ശേഷം 2004 നവംബറിലാണ് എവർഷൈൻ ഒപ്ടിക്കൽസ് തുടങ്ങിയത്. മരുത്തടി പുത്തിരഴികത്ത് നഗർ 58ൽ രാജൻ നിവാസിലാണ് താമസം. മൂത്തമകൻ ശ്രീചന്ദ് ബി.ബി.എ പാസായി. ഇളയമകൻ അമൽചന്ദ് എ.സി.സി.എ കോഴ്സ് ചെയ്യുന്നു.