തൊടിയൂർ: കാരൂർക്കടവ് ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള മിനി ഹൈമാസ്റ്റ് ലൈറ്റ് കാത്താതായിട്ട് മാസങ്ങളായി. തൊടിയൂർ പഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്നായ കാരൂർക്കടവ് വ്യാപാര കേന്ദ്രം കൂടിയാണ്. രാത്രി സമയങ്ങളിൽ ഉൾപ്പടെ ഇവിടെ മത്സ്യവ്യാപാരം നടക്കുന്ന സ്ഥലമാണ്. കച്ചവടക്കാരും മത്സ്യം വാങ്ങാൻ എത്തുന്നവരുമായി ധാരാളം ആളുകൾ ദിനംതോറും ഇവിടെ വന്നു പോകുന്നു.

ഹൈമാസ്റ്റ് ലൈറ്റ് കത്താതായതോടെ പ്രദേശമാകെ ഇരുട്ടിലായി. ജംഗ്ഷന്റെ ചുറ്റുവട്ടത്തായി നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇരുട്ടിന്റെ മറവിൽ കഴിഞ്ഞ ദിവസം നാലു കടകളിൽ മോഷണശ്രമം നടന്നു.

കാരൂർക്കടവ് പാലത്തിന് പടിഞ്ഞാറു ഭാഗത്തെ ഈ വ്യാപാര കേന്ദ്രത്തിലേക്ക് മൈനാഗപ്പള്ളിയിൽ നിന്നുൾപ്പടെ ആളുകൾ എത്താറുണ്ട്. പ്രധാനപ്പെട്ട ഒരു ബസ് സ്റ്റോപ്പ് കൂടിയാണിവിടം. എത്രയും വേഗം ഹൈമാസ്റ്റ് ലൈറ്റ് കത്തിക്കണമെന്ന് കച്ചവാക്കാരും പ്രദേശവാസികളും ആവശ്യപ്പെട്ടു.