phot
കൊല്ലം-തിരുനെൽവേലി റെയിൽവേ റൂട്ടിലെ ഉറുകുന്ന് ഐഷപാലത്തിന് സമീപത്തെ ട്രാക്കിൽ ഇന്നലെ പുലർച്ചെ കട്ടിംഗ് ഇടിഞ്ഞു വീണ മണ്ണ് ജെ.സി.ബി.ഉപയോഗിച്ച് നീക്കം ചെയ്യുന്നു.

പുനലൂർ : ശക്തമായ മഴയെ തുടർന്ന് കൊല്ലം-തിരുനെൽവേലി റെയിൽവേ റൂട്ടിൽ കട്ടിംഗ് ഇടിഞ്ഞു വീണ് 8മണിക്കൂർ ഗതാഗതം നിലച്ചു. ഇന്നലെ പുലർച്ചെ ഒന്നിന് ഉറുകുന്ന് ഐഷ പാലത്തിന് സമീപത്തായിരുന്നു സംഭവം. മണ്ണിടിഞ്ഞു വീണതറിയാതെ സമീപത്തെ ഇടമൺ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട പാലക്കാട് പാലരുവി-തിരുനെൽവേലി എക്സ്പ്രസ് ട്രെയിനെ സിഗ്നൽ കാണിച്ച് നിറുത്തിച്ചത് കാരണം അപകടമൊഴിവായി. ബീറ്റിനെത്തിയ ഹരിപ്പാട് സ്വദേശി ഹരികുമാറാണ് സിഗ്നൽ കാണിച്ച് ട്രെയിൻ നിറുത്തിച്ചത്. തുടർന്ന് ചെങ്കോട്ട ഭാഗത്ത് നിന്ന് കൊല്ലത്തേക്കും തിരിച്ചുമുള്ള ട്രെയിൻ സർവീസുകൾ താത്ക്കാലികമായി നിറുത്തിവച്ചു. പിന്നീട് ട്രാക്കിൽ വീണ കല്ലും മണ്ണും രണ്ട് ജെ.സി.ബി എത്തി നീക്കി . ഇന്നലെ രാവിലെ 8ന് ട്രെയിൻ സർവീസ് പുനരാരംഭിച്ചു. തുടന്ന് ട്രാക്കിന് രണ്ട് വശത്തും കിടന്ന മണ്ണും കല്ലും ഉച്ചക്ക് 1മണിയോടെ പൂർണമായും മാറ്റി അപകടം ഒഴുവാക്കി. രണ്ട് മാസം മുമ്പ് പെയ്ത കനത്ത മഴയിൽ സമീപത്തെ തെന്മല റെയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിൽ മണ്ണും പാറയും ഇടിഞ്ഞ് വീണ് മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം നിലച്ചിരുന്നു.