തഴവ: തഴവയും തഴവയുടെ തഴപ്പായും ലോക ശ്രദ്ധയിലെത്തിക്കാൻ തപാൽ വകുപ്പ് തഴപ്പായുടെ ജി.ഐ കോഡഡ് പോസ്റ്റൽ കവർ പ്രകാശനം ചെയ്തു.
ആലുംകടവ് ശ്രീനാരായണ സെൻട്രൽ സ്കൂൾ, തഴവ ബി.ജെ.എസ്.എം മഠത്തിൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പോസ്റ്റൽ വകുപ്പ് കവർ പ്രകാശനം ചെയ്തത്.
കരുനാഗപ്പള്ളി ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ സ്റ്റേറ്റ് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഷൂലി ബർമ്മൻ പോസ്റ്റൽ കവർ പ്രകാശന കർമ്മം നിർവഹിച്ചു. മഠത്തിൽ ഹയർ സെക്കൻഡറി സ്കൂളിന് വേണ്ടി അനൂപ് രവി ആദ്യ കവർ ഏറ്റുവാങ്ങി. എസ്.എൻ.സെൻട്രൽ സ്ക്കൂൾ പ്രിൻസിപ്പൽ ഡോ.സിന്ധു സത്യദാസ് , സലീം അമ്പീത്തറ, സുജ എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ സൂപ്രണ്ട് എ.ആർ രഘുനാഥൻ സ്വാഗതവും അസിസ്റ്റന്റ് സൂപ്രണ്ട് എം.സലീന നന്ദിയും പറഞ്ഞു.
കേരളത്തിൽ ഭൗമ സൂചിക പദവി ലഭിച്ച 36 ഇനങ്ങളിൽ മൂന്ന് ഇനങ്ങൾക്കാണ് ജി.ഐ കോഡഡ് തപാൽ കവർ ഇറക്കുന്നത്. കവറിന്റെ പിൻഭാഗത്ത് ഭൗമ സൂചിക പദവി ലഭിച്ച ഇനത്തിന്റെ വിശദ വിവരങ്ങൾ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ നൽകിയിട്ടുണ്ടാകും. കവറിന് പുറത്ത് തഴപ്പായുടെ ചിത്രവും ജി.ഐ കോഡും രേഖപ്പെടുത്തും. ജി.ഐ കോഡഡ് കവറുകൾക്ക് ആവശ്യക്കാരേറെയുള്ളതിനാൽ ഇതിന്റെ അച്ചടി ശ്രീ നാരായണ സെൻട്രൻ സ്ക്കൂൾ, ബി.ജെ.എം.എം മഠത്തിൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാകും നടത്തുക.