കൊല്ലം: കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് ആറു പതിറ്റാണ്ടു നടത്തിയ ജനോപകാരപ്രദമായ പ്രവർത്തനങ്ങളുടെ അംഗീകാരമാണ് പോസ്റ്റൽ വകുപ്പ് തപാൽ കവർ പുറത്തിറക്കിയതിലൂടെ ബാങ്കിന് ലഭിച്ചതെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ബാങ്കിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തപാൽ വകുപ്പ് തയ്യാറാക്കിയ പ്രത്യേക കവർ കേരള ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഷൂലി ബർമനിൽ നിന്നു ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കവർ പ്രകാശനത്തിന് സംസ്ഥാന പോസ്റ്റ് മാസ്റ്റർ ജനറൽ തന്നെ നേരിട്ടെത്തിയതും അംഗീകാരമാണ്. സംസ്ഥാനത്ത് സഹകരണ മേഖലയിൽ ആദ്യമായി ആധുനിക സംവിധാനങ്ങൾ നടപ്പാക്കി സഹകരണ രംഗത്തെ മികവുറ്റ പ്രസ്ഥാനമെന്ന ബഹുമതി നേടിയെടുക്കാൻ ബാങ്കിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തപാൽ കവറിന്റെ പ്രകാശനം പോസ്റ്റ് മാസ്റ്റർ ജനറൽ നിർവഹിച്ചു. കൊല്ലം ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് എ.ആർ.രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് അൻസർ അസീസ്, സെക്രട്ടറി പി.എസ്.സാനിയ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ എസ്.അഹമ്മദ് കോയ, ബി.അനൂപ് കുമാർ, അൻവറുദീൻ ചാണിക്കൽ, നൗഷാദ് കിട്ടന്റഴികം, മണക്കാട് സലിം, സാദത്ത് ഹബീബ്, സുരേഷ് പട്ടത്താനം, സെയ്ത്തൂൻ ബീവി, ബിന്ദു മധുസൂദനൻ, ഷാജിതാ നിസാർ എന്നിവർ പങ്കെടുത്തു.