കൊല്ലം: കുനമ്പായിക്കുളം ക്ഷേത്രത്തിന് സമീപം കാറിൽ കടത്തുകയായിരുന്ന 2760 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ. ഇളമ്പള്ളൂർ പെരുമ്പുഴ കടയിൽ വീട്ടിൽ സിയാദിനെയാണ് (30) ഇരവിപുരം പൊലീസ് പിടികൂടിയത്.
കാറിൽ ലഹരി ഉത്പന്നങ്ങൾ കടത്തിക്കൊണ്ടു വരുന്നു എന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് കുനമ്പായിക്കുളം റോഡിൽ നിന്ന് ഇയാളെ പിടികൂടിയത്. കാറിന്റെ ഡിക്കിയിലും പിൻസീറ്റിലുമായി മൂന്ന് ചാക്കുകളിലാണ് പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. ശംഭൂ, കൂൾ ലിപ്പ്, ലോയൽ ടുബാക്കോ എന്നീ പേരുകൾ രേഖപ്പെടുത്തിയ വലിയ പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. ഫോർഡ് ഫിയസ്റ്റ കാറിലാണ് പുകയില കടത്തിയത്. ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽകുമാർ, സബ് ഇൻസ്പെക്ടർമാരായ ജയേഷ്, പ്രകാശ്, എ.എസ്.ഐ അജയൻ, എസ്.സി.പി.ഒ ബൈജു എസ്.നായർ, സി.പി.ഒ സിജു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.