krishi
പഴഞ്ഞീക്കടവ് ഭാഗത്ത് ക്യഷിയിടത്തിൽ വെള്ളം കയറിയപ്പോൾ

പത്തനാപുരം: ഇന്നലെ പെയ്ത തോരാമഴയിൽ മലയോര മേഖലയിലെ മിക്ക പ്രദേശങ്ങളിലും വലിയ നാശമാണ് സംഭവിച്ചത്. കല്ലടയാറും തോടുകളും കനാലുകളുമെല്ലാം നിറഞ്ഞൊഴുകുകയാണ്. തെന്മല നാഗമലയിൽ തോട്ടിൽ വീണ് വയോധികൻ മരണപ്പെട്ട ദാരുണ സംഭവവും ഉണ്ടായി. നാഗമല സ്വദേശി ഗോവിന്ദരാജി (65) നാണ് മരണപ്പെട്ടത്. കാലിന് സ്വാധീനം കുറവുള്ള ഗോവിന്ദരാജ് നാഗമലയിലുള്ള ക്ഷേത്രത്തിലാണ് അന്തിയുറങ്ങുന്നത്.
ശക്തമായ മഴയിൽ ക്ഷേത്രത്തിലേക്ക് വെള്ളം വരുന്നത് കണ്ടു തോടിനു കുറുകെ ഉള്ള പാലം മുറിച്ചു കടക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.

പ്രദേശങ്ങൾ ഒറ്റപ്പെട്ടു, ലയങ്ങളിൽ വെള്ളം കയറി
പിറവന്തൂർ ചെമ്പനരുവി മുള്ളുമലയിൽ ഉരുൾപ്പെട്ടിയതിനെ തുടർന്ന് ഓലപ്പാറ പ്രദേശം ഒറ്റപ്പെട്ടു.
ശക്തമായ മഴവെള്ളപാച്ചിലിൽ തോട് കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് എസ്. എഫ് .സി .കെ തോട്ടങ്ങളിലും ലയങ്ങളിലും വെള്ള കയറി. മണ്ണിടിച്ചിലിലും വെള്ളം കയറിയതിനാലും അലിമുക്ക് അച്ചൻകോവിൽ പാതയിലൂടെയുള്ള ഗതാഗതവും ഇന്നലെ പൂർണമായും തടസപ്പെട്ടിരുന്നു . അച്ചൻകോവിൽ വളയം ഭഗത്ത് കനത്തമഴയിൽ റോഡിലെ ചപ്പാത്ത് അടിഭാഗം ഒലിച്ചുപോയതിനെ തുടർന്നാണ് ഇതുവഴിയുള്ള ഗതാഗതം നിറുത്തി വെച്ചത്. ചാലിയക്കര പാലത്തിലെ ടാറുകളും മഴവെളള പാച്ചിലിൽ ഒലിച്ചു പോയി.

21 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

ചില വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പത്തനാപുരം, വിളക്കുടി, പട്ടാഴി വടക്കേക്കര പഞ്ചായത്തുകളിലായി 21 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ബന്ധുവീടുകളിലേക്കാണ് ഇവരെ മാറ്റിയത്. കടുവാത്തോട് മിച്ചഭൂമി, പത്തനാപുരം ജവഹർകോളനി, മാക്കുളം , പിടവൂർ , പന്തപ്ലാവ്, പഴഞ്ഞിക്കടവ് , മൃഗാശുപത്രി ഭാഗം,പാതിരിക്കൽ തെക്കേക്കര, ആവണീശ്വരം കട്ടച്ചൂള ഭാഗം, കാര്യറ എന്നീ പ്രദേശങ്ങളിലാണ് വെള്ളം കയറി നാശം വിതച്ചത്. കല്ലടയാർ കരകവിഞ്ഞ് ഒഴുകുകയാണ്. നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ല. കിഴക്കൻ മേഖലയിൽ മഴ രാത്രിയിലും തുടരുകയാണ്. ഗ്രാമീണ മേഖലയിലെ കൃഷിയിടങ്ങളിലും വെള്ളം കയറി. പട്ടാഴി, പഴഞ്ഞിക്കടവ്, തലവൂർ, കമുകംചേരി തുടങ്ങിയ വയലേലകളിലാണ് വെള്ളം കയറിയത്. മഴവെള്ള പാച്ചിലിൽ പുനലൂർ മൂവാറ്റുപുഴ റോഡ് നിർമ്മാണത്തിനിടെ ഹിറ്റാച്ചി മുക്കടവ് തോട്ടിൽ വീണെങ്കിലും ആളപായമില്ല. ഇനിയും മഴ തുടർന്നാൽ കൂടുതൽ കുടുംബങ്ങളെ മാറ്റി പാർപ്പിക്കേണ്ടിവരും.