പത്തനാപുരം : മേലിലയിലെ പശു ഫാമിൽ ആക്രമണം നടത്തി തൊഴിലാളികളെ അസഭ്യം വിളിച്ച്, ഉടമയെ ഫോണിൽ വധഭീഷണി മുഴക്കിയതായും പരാതി. ഡയറി ഫാം ഉടമ ഉപാസനയിൽ കെ. ദിലീപന്റെ ഭാര്യ പ്രസന്നകുമാരി എന്നിവരാണ് കുന്നിക്കോട് പൊലീസിലും മറ്റ് മേലധികാരികൾക്കും പരാതി നൽകിയത്. രാഷ്ട്രീയ കക്ഷി പ്രവർത്തകർ വൻ തുക പിരിവ് ആവശ്യപ്പെട്ടതായും അത് നൽകാത്തതിന്റെ പേരിലാണ് ആക്രമണവും ഭീഷണിയും നടത്തുന്നതെന്നും മുൻപും പലതവണ ഭീഷണി ഉണ്ടായെന്നും പരാതിയിൽ പറയുന്നു. ഫാമിൽ അന്യ സംസ്ഥാനക്കാരടക്കം പത്തിലധികം തൊഴിലാളികളുണ്ട്. മകളെ പഠിപ്പിക്കുന്നതിനും മറ്റ് ഉപജീവനത്തിനും നാട്ടിൽ ശുദ്ധമായ പാൽ ലഭിക്കുന്നതിനുമാണ് ലോണെടുത്ത് 50 ലധികം പശുക്കളെ ദിലീപനും ഭാര്യ പ്രസന്നകുമാരിയും ചേർന്ന് വളർത്തുന്നത്. സംസ്ഥാന ക്ഷീര വകുപ്പ് ജില്ലയിൽഏറ്റവും നല്ല ക്ഷീര കർഷകർക്കുള്ള പുരസ്കാരവും മറ്റ് നിരവധി പുരസ്കാരങ്ങളും ദമ്പതികൾക്ക് ലഭിച്ചിട്ടുണ്ട്. കുടുംബത്തിനും ഫാമിലെ തൊഴിലാളികൾക്കും മൃഗങ്ങൾക്കും സംരംക്ഷണം നൽകണമെന്നാണ് ദമ്പതികളുടെ ആവശ്യം.