പാവങ്ങളുടെ പ്രിയപ്പെട്ട കണ്ണ് ഡോക്ടറാണ് ബാലകൃഷ്ണൻ. നേത്രചികിത്സാ രംഗത്ത് സമാനതകളില്ലാത്ത അനുഭവസമ്പത്തിന്റെ ഉടമ. തന്റെ കൈപ്പുണ്യം ധനസമ്പാദനത്തിനപ്പുറം പാവങ്ങളുടെ കണ്ണുകൾക്ക് തെളിമയേകാനുള്ള ആയുധമാക്കുകയാണ്. മുന്നിലെത്തുന്ന രോഗിയുടെ കണ്ണിന്റെ ആരോഗ്യത്തിനൊപ്പം അവരുടെ വേദനകളും വിഹ്വലതകളും മനസിലാക്കും. ചികിത്സാ ചെലവിനെക്കുറിച്ചുള്ള ആശങ്കകൾ തിരിച്ചറിയും. ജീവിതവുമായി മല്ലിടുന്നവർക്ക് സ്വന്തം ചെലവിൽ കരുത്തുള്ള കാഴ്ച സമ്മാനിക്കും. പാവങ്ങൾക്കു മാത്രമല്ല എല്ലാവർക്കും ആശ്രയമാണ് ഡോ. ബാലകൃഷ്ണൻ.
സർക്കാർ സർവീസിൽ ശ്രദ്ധേയമായ സേവനത്തിന് ശേഷം ഇപ്പോൾ താലൂക്ക് കച്ചേരി ജംഗ്ഷനിൽ 'ഡോ. ബാലകൃഷ്ണൻസ് ഐ ക്ലിനിക് ആൻഡ് ഒപ്ടിക്കൽസ്' എന്ന സ്ഥാപനം നടത്തി പ്രാക്ടീസ് ചെയ്യുകയാണ് ഡോ. കെ. ബാലകൃഷ്ണൻ. ചിറയിൻകീഴിൽ വ്യവസായിയായിരുന്ന ആണ്ടാംകടവിൽ കരുണാകരൻ മുതലാളിയുടെയും അങ്ങാടിക്കൽ ലക്ഷ്മിഅമ്മിയുടെയും അഞ്ചാമത്തെ മകനായി 1943ലായിരുന്നു ജനനം. പേരുകേട്ട വൈദ്യനായ മുത്തച്ഛൻ അങ്ങാടിക്കൽ വൈദ്യകലാനിധി വേലുവൈദ്യനാണ് ബാലകൃഷ്ണന്റെ മനസിൽ ഡോക്ടറാകണമെന്ന മോഹം നിറച്ചത്. അങ്ങനെ കുട്ടിക്കാലം മുതൽ ഈ ലക്ഷ്യത്തോടെ പഠിച്ചു.
ചിറയിൻകീഴിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ പ്രീഡിഗ്രി, ഡിഗ്രി വിദ്യാഭ്യാസത്തിന് ശേഷം 1964ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് ചേർന്നു. 1971ൽ നിലമേൽ പ്രൈമറി ഹെൽത്ത് സെന്ററിൽ അസി. സർജനായി സർക്കാർ സർവീസിൽ പ്രവേശിച്ചു. എട്ട് വർഷം കേരളത്തിലെ പല സർക്കാർ ആശുപത്രികളിലും ജോലി ചെയ്തു. 1979ൽ കാലിക്കറ്റ് മെഡിക്കൽ കോളേജിൽ ഒഫ്ത്താൽമോളജി എം.എസ് കോഴ്സിന് പ്രവേശനം ലഭിച്ചു. തുടർന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഐ സ്പെഷ്യലിസ്റ്റായി സർക്കാർ സർവീസിൽ തിരികെ പ്രവേശിച്ചു. പിന്നീടുള്ള 10 വർഷം ആലപ്പുഴയിലെയും കൊല്ലത്തെയും ജില്ല ആശുപത്രികളിൽ ഡിസ്ട്രിക്ട് ഒഫ്ത്താൽമോളജി സർജനായി പ്രവർത്തിച്ച ശേഷം വിരമിച്ചു.
ഡോ. കെ. ബാലകൃഷ്ണന് ഇപ്പോഴും വിശ്രമമില്ല. അദ്ദേഹത്തിന്റെ കൈപ്പുണ്യം കേട്ടറിഞ്ഞ് രോഗികൾ എത്തുകയാണ്. പാവപ്പെട്ട രോഗികൾക്ക് സ്വന്തം ക്ലിനിക്കിൽ തന്നെ പരമാവധി ചികിത്സ നൽകി സുഖപ്പെടുത്തും. വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യവും അദ്ദേഹം ഏർപ്പെടുത്തി നൽകുന്നു. ലയൺസ് ക്ലബ്ബ് ഒഫ് കൊല്ലം സെൻട്രലിന്റെ വൈസ് പ്രസിഡന്റായിരുന്നു. ഐ.എം.എം കൊല്ലത്തിന്റെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 1993ൽ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ എല്ലാ സർക്കാർ ആശുപത്രികളും അടച്ചിട്ട് നടത്തിയ സമരത്തിന്റെ ജില്ലയിലെ പ്രധാന സംഘാടകൻ ഡോ. കെ. ബാലകൃഷ്ണനായിരുന്നു. അന്ന് കെ.ജി.എം.ഒയുടെ ജില്ലാ പ്രസിഡന്റായിരുന്നു.
കുടുംബം
കൃഷി വകുപ്പിൽ അസി. ഡയറക്ടറായിരിക്കെ മരിച്ച കെ. ഉപഗുപ്തൻ, സുഭദ്ര, ആരോഗ്യ വകുപ്പിൽ നിന്നു വിരമിച്ച ഡോ. സുശീല ഹേലി, എസ്.എൻ കോളേജിൽ നിന്നു വിരമിച്ച പരേതനായ പ്രൊഫ. അനിരുദ്ധൻ, മെഡിക്കൽ കോളേജിൽ നിന്നു പ്രൊഫസറായി വരിമിച്ച ഡോ. സരസ്വതി, പരേതനായ മോഹൻദാസ്, കെ. ഉഷ എന്നിവർ സഹോദരങ്ങളാണ്. ചവറ ഗോപാലകൃഷ്ണ മോട്ടോഴ്സ് ഉടമ പരേതനായ കുന്നേൽ ശേഖരൻമുതലാളിയുടെയും ഭാർഗ്ഗവി അമ്മയുടെയും ഇളയ മകൾ മീര ബെൻ ആണ് ഭാര്യ. ബ്രൂണയിൽ ദന്തൽ സർജനായ ഡോ. പ്രിയ ബാലകൃഷ്ണൻ, പ്ലാസ്മ ദന്തൽ കെയർ ഉടമയും ദന്തൽ സർജനുമായ ഡോ. അരുൺ ബാലകൃഷ്ണൻ എന്നിവർ മക്കൾ. ബ്രൂണയിൽ ഓർത്തോഡോണ്ടിസ്റ്റായ ഉദയ് കുമാർ ഉമേശൻ, ഡോ. ചിപ്പി സത്യൻ എന്നിവർ മരുമക്കളും.