ഓച്ചിറ: നവോത്ഥാന നർത്തകൻ ഓച്ചിറ ശങ്കരൻകുട്ടി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓച്ചിറ ശങ്കരൻകുട്ടി നൃത്തനാട്യ പുരസ്കാര സമർപ്പണം 17ന് 3ന് വലിയകുളങ്ങര ഓണാട്ട് ഭഗവതി ക്ഷേത്രം ടി. ഡി. എം ഹാളിൽ നടക്കും. കേരള സംഗീത നാടക അക്കാഡമി മുൻ സെക്രട്ടറി രാജാ ശ്രീകുമാർ വർമ്മ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ പ്രസിഡന്റ് ടി. ജെ. ഉണ്ണികൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷനാകും.
കഥകളി നിരൂപകൻ കുരുമ്പോലിൽ ശ്രീകുമാർ മുഖ്യ പ്രഭാഷണവും ജൈവ വൈവിദ്ധ്യ ബോർഡ് റിസോഴ്സ് പേഴ്സൺ പ്രൊഫ. പി. രാധാകൃഷ്ണക്കുറുപ്പ് അനുസ്മരണ പ്രഭാഷണവും പുരസ്കാര സമർപ്പണം കലാമണ്ഡലം മാലിനി നായരും നിർവഹിക്കും. സെക്രട്ടറി സഞ്ചാർ ചന്ദ്രമോഹൻ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തും. ഡോ. അശോക്ബാബു, ജയചന്ദ്രൻ തൊടിയൂർ, പോണാൽ നന്ദകുമാർ തുടങ്ങിയവർ ആശംസനേരും.
ഓച്ചിറ ശങ്കരൻകുട്ടി നൃത്തനാട്യ വിഭൂഷൻ പുരസ്കാരം 33,333 രൂപയും ഫലകവും കേരള നടനം നർത്തകി കോട്ടയം ഭവാനി ചെല്ലപ്പനും നൃത്തനാട്യ സപര്യ പുരസ്കാരം 11,111 രൂപയും ഫലകവും നടനഭൂഷണം ചിത്രാ മോഹനും നൃത്തനാട്യ യുവപ്രതിഭ പുരസ്കാരം ഭരതനാട്യം നർത്തകി ശ്രുതി ശ്രീകുമാറിനും ബാലപ്രതിഭ പുരസ്കാരം ബാലനർത്തകി ലക്ഷ്മിദേവി കാരൂരിനും സമ്മാനിക്കുമെന്ന് ഭാരവാഹികളായ ടി. ജെ. ഉണ്ണികൃഷ്ണൻ നമ്പൂതിരി, സഞ്ചാർശ്രി ചന്ദ്രമോഹൻ, മണപ്പള്ളി ഉണ്ണികൃഷ്ണൻ, സി. ആർ. പ്രഭ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.