കൊല്ലം: കേരളപുരം വറട്ടുചിറ കൊച്ചുമണ്ടയ്ക്കാട്ട് ശ്രീ മഹാദേവി ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 5.30ന് മഹാ സരസ്വതിപൂജയോടെ പൂജവയ്പ് ചടങ്ങുകൾ ആരംഭിക്കും. വിജയദശമി ദിനമായ 15ന് രാവിലെ 6.45ന് സരസ്വതി പൂജയോടെ പൂജയെടുപ്പ്, 7ന് വിദ്യാമന്ത്രാർച്ചന. തുടർന്ന് എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ അക്ഷരദീപം തെളിക്കും.

യൂണിയൻ സെക്രട്ടറി നീരാവിൽ അഡ്വ. എസ്. അനിൽകുമാർ പ്രൊഫഷണൽ വിദ്യാഭ്യാസ അവാർഡും പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാർ എസ്.എസ്.എൽ.സി അവാർഡും ചിറ്റുമല ബ്ളോക്ക് പ്രസിഡന്റ് ബി. ദിനേഷ് പ്ളസ്ടു അവാർഡും വാർഡ് മെമ്പർ എം. വിനോദ് വിദ്യാഭ്യാസ അവാർഡും വിതരണം ചെയ്യും. പേരൂർ മീനാക്ഷി വിലാസം ഗവ. എൽ.പി സ്കൂൾ അദ്ധ്യാപിക എസ്. സ്മിത, ഈസ്റ്റ് കല്ലട സി.വി.കെ.എം അദ്ധ്യാപകൻ ബിജു എന്നിവർ കുട്ടികളെ എഴുത്തിനിരത്തും.