കരുനാഗപ്പള്ളി : ടൗണിൽ യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിച്ചു. ഒരാൾക്ക് കുത്തേറ്റു. കുലശേഖരപുരം സ്വദേശി ബിലാലി (24) നാണ് കുത്തേറ്റത്. അയാളെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9 മണിയോടെ കരുനാഗപ്പള്ളി ഫെഡറൽ ബാങ്കിന് സമീപമായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാക്കളുമായി സ്കൂട്ടറിൽ എത്തിയ മറ്റൊരു സംഘം വാക്കു തർക്കത്തിൽ ഏർപ്പെടുകയും മൂർച്ചയേറിയ ആയുധം കൊണ്ട് യുവാവിന്റെ തുട ഭാഗത്ത് കുത്തുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവമറിഞ്ഞ് നാട്ടുകാരും ടൗണിൽ ഉണ്ടായിരുന്ന പൊലീസ് സംഘവും എത്തിയതോടെ സംഘം സ്കൂട്ടർ ഉപേക്ഷിച്ച് ഒടി മറഞ്ഞു. പ്രതികൾക്കായി പൊലീസ് അന്വേഷണംആരംഭിച്ചു.