v
ഡോക്ടർ സഞ്ജയ് രാജു

'ചുറ്റുമുള്ള സാധാരണക്കാരുടെ കണ്ണിൽ വെളിച്ചം പരത്തുകയാണ് എന്റെ ദൗത്യം. ഞാൻ ഉറങ്ങും മുമ്പ് ഒരു പാട് ആളുകളെ ഉണർത്തേണ്ടതുണ്ട്. അതിനുവേണ്ടിയാണ് ഞാൻ പഠിച്ചത്, എം.എസ് എടുത്തത്...' സഹാനുഭൂതി കൊണ്ട് കർമ്മകാണ്ഡത്തെ ആർദ്രമാക്കുന്ന ജനകീയ ഡോക്ടർ സഞ്ജയ് രാജുവിന്റെ വാക്കുകളാണിത്. അദ്ദേഹം ഉണ്ണാതെ, ഉറങ്ങാതെ മറ്റുള്ളവർക്ക് കാഴ്ച സമ്മാനിക്കുകയാണ്. കണ്ണുകളുടെ കാവൽക്കാരനാകാൻ ഈശ്വരൻ ഏൽപ്പിച്ച നിയോഗം ഒരു നിമിഷം പോലും മറക്കാതെ കാത്തുസൂക്ഷിക്കുന്ന ആതുര സേവകൻ. മുന്നിലെത്തുന്നവരെ മാത്രമല്ല ഇദ്ദേഹം ചികിത്സിക്കുന്നത്. മങ്ങിയ കാഴ്ചകളുമായി വീടുകളിലും അനാഥാലയങ്ങളിലും തെരുവുകളിലും ഉറങ്ങുന്നവരിലേക്കും ഇദ്ദേഹം എത്തുന്നു. അവരുടെ കണ്ണുകളിൽ ഈശ്വരന്റെ കൈവിരലായി പടരുന്നു.

വലുതും ചെറുതുമായ 85,000 നേത്ര ശസ്ത്രക്രിയകൾ ശാസ്താംകോട്ട എം.ടി.എം.എം ആശുപത്രിയിലെ നേത്രരോഗ വിഭാഗം തലവനായ സഞ്ജയ് രാജു ചെയ്തുകഴിഞ്ഞു. ഇതിന്റെ എത്രയോമടങ്ങ് ആളുകൾക്ക് കാഴ്ചകളുടെ അനന്തലോകം തുറന്നുനൽകി. കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി 6 ജില്ലകളിൽ നടത്തുന്ന ക്യാമ്പ് വഴി എത്തിക്കുന്ന പാവപ്പെട്ടവരുടെ ശസ്ത്രക്രിയ സൗജന്യമായാണ് നടത്തുന്നത്. സമൂഹത്തിലെ പാവപ്പെട്ടവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ കണ്ണുകൾക്കു മാത്രമല്ല, ജീവിത സാഹചര്യത്തിൽ ഇടപെട്ട് സഹായിച്ച് അവരിൽ ഒരാളായി മാറാനും ഇദ്ദേഹത്തിന് കഴിഞ്ഞു. തെക്കൻ ജില്ലകളിൽ നിന്നു തമിഴ് നാട്ടിലേക്കുള്ള തിമിര ശസ്ത്രക്രിയയ്ക്കുള്ള ഒഴുക്കു തടഞ്ഞതിന്റെ ക്രെഡിറ്റും സഞ്ജയ് രാജുവിനാണ്. ഒരു ദിവസം 125 നേത്ര ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയതിന്റെ റെക്കാഡിനുടമ.

രാവിലെ ആറിന് ഓപ്പറേഷൻ തിയേറ്ററിൽ കയറിയാൽ രാത്രി 11 നാണ് ഇറങ്ങുന്നത്. ഇത്തരത്തിൽ ശസ്ത്രകിയ നടത്തി നടുവേദന ഉൾപ്പെടെ നിരവധി അസുഖങ്ങളും പിടികൂടിയിട്ടുണ്ട്. എങ്കിലും തളരാതെ മുന്നോട്ടു പോകുന്നു. റോട്ടറിയുടെ സർവ്വീസ് എബൗ സെൽഫ് അവാർഡ് അടക്കം 150 ഓളം പുരസ്കാരങ്ങൾ സ്വന്തമാക്കി. പാവങ്ങളെ കണ്ടെത്തി അവരുടെ കണ്ണുകൾക്ക് വെളിച്ചത്തിന്റെ തിരിതെളിയ്ക്കുകയാണ് ഇദ്ദേഹം. അവരുടെ കണ്ണുനീർ തുടച്ച് അവരിൽ ഒരാളായി വൃദ്ധ സദനങ്ങളിലും, അനാഥാലയങ്ങളിലും എത്തുന്നതും ഡോ. സഞ്ജയ് രാജുവിന്റെ പതിവാണ്.

 കവിതയിലൂടെയും കാണുന്നു

സന്നദ്ധ സേവനത്തിന് 'സി ഐ നീഡ് യു' എന്ന പേരിൽ വാട്ട്സാപ്പ് ഗ്രൂപ്പിന് രൂപം നൽകിയിട്ടുണ്ട്. സ്കൂളുകളിൽ ക്യാമ്പ് നടത്തി കുട്ടികളുടെ കാഴ്ചശക്തി നിർണ്ണയം നടത്തിവരുന്നു. കൂടാതെ കാഴ്ച സിഗ്നൽ ബോർഡുകൾ ക്ലാസുകളിൽ സ്ഥാപിച്ച് എല്ലാ കുട്ടികൾക്കും കാഴ്ച പരിശോധിക്കുന്നതിനുള്ള സംവിധാനം ആദ്യമായി ഉണ്ടാക്കിയതും ഡോ. സഞ്ജയ് രാജുവാണ്. സേവനം അദ്ദേഹത്തിന്റെ ദിനചര്യയായി മാറിയിരിക്കുന്നു. പാവപ്പെട്ടവർക്ക് ഭക്ഷണവും വസ്ത്രവും സാമ്പത്തിക സഹായവും നൽകുന്നു. നല്ലൊരു കവി കൂടിയാണ് ഡോ. സഞ്ജയ് രാജു. 'ചിതറിയ ചിന്തകൾ ചിതറാത്ത നാടിന്' എന്ന കവിതാസമാഹാരം ശ്രദ്ധേയമാണ്. മുതുപിലാക്കാട് അമ്പിയിൽ പാപ്പച്ചന്റെയും ട്രീസയുടെയും മകനാണ്. ദന്തൽ സർജനായ ഇന്ദുവാണ് ഭാര്യ. മക്കൾ: ജഹാൻ, ഹന്ന.