photo
കായലിൽ വില്ലനായി മാറിയ കുളവാഴകൾ

കരുനാഗപ്പള്ളി: കായലിൽ കുളവാഴകൾ വില്ലനായപ്പോൾ മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലായി. കായലിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ഇതര തൊഴിലാളികളുടെ സ്ഥിതിയും മറിച്ചല്ല. കായിലിൽ നിന്ന് കക്കാവാരിയും മണ്ണ് വാരിയും മത്സ്യബന്ധനം നടത്തിയും ഉപജീവനം നടത്തുന്ന എല്ലാ കുടുംബങ്ങളും അർദ്ധ പട്ടിണിയിലാണ്. കൊവിഡ് മഹാമാരിക്ക് ശമനം വന്നതിനെ തുടർന്നാണ് മത്സ്യബന്ധന മേഖല വീണ്ടും സജീവമായത്. . അപ്പോഴാണ് മഹാമാരി കണക്കെ വില്ലനായി കുളവാഴകൾ എത്തിയത്. കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ വരുന്ന കൊതിമുക്ക് വട്ടക്കായലും പള്ളിക്കലാറും പൂർണമായും കുളവാഴകൾകൊണ്ട് മൂടി. കായൽ കുളവാഴകൾ കൊണ്ട് നിറഞ്ഞതിനാൽ മത്സ്യത്തൊഴിലാളികൾക്ക് വലനീട്ടാനാകുന്നില്ല. വലകൾ കുളവാഴക്ക് മുകളിൽ പൊന്തികിടക്കുകയാണ്.

തൊഴിൽ ഇല്ലാതെ വലഞ്ഞ്

കെല്ലക, തേവലക്കര, അരിനല്ലൂർ,ശാസ്താംകോട്ട, ആലുംകടവ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കായലിൽ മത്സ്യബന്ധനത്തിനായി എത്തുന്നത്. ഇവർ പിടക്കുന്ന കായൽ മത്സ്യം കടവുകളിൽ വെച്ച് തന്നെ ലേലം ചെയ്ത് വിൽക്കുന്നു. പഴക്കമില്ലാത്ത മീൻ ആയതിനാൽ ആവശ്യക്കാർ ഏറെയാണ്. ഒരു കിലോഗ്രാം കരിമീന് 650 രൂപയാണ് ഇപ്പോഴത്തെ വില. രാത്രിയിൽ തുടങ്ങുന്ന മീൻ പിടിത്തം രാവിലെയാണ് അവസാനിക്കുന്നത്. ഇതുപോലെ തന്നെ കയറിൽ കുരുത്തോല കെട്ടി മീൻ പിടിക്കുന്നവരും കക്കാവാരുന്നവരും തൊഴിൽ ഇല്ലാതെ വലയുകയാണ്. കായലിന്റെ മുകൾപ്പരപ്പിൽ നിന്നും താഴേക്ക് മുങ്ങാംകുഴിയിട്ട് ആഴത്തിലേക്ക് പോയി കക്കാവാരാൻ കഴിയുന്നില്ല.

ഉപ്പ് വെള്ളമെത്തണം കുളവാഴയെ തുരത്താൻ

മഴവെള്ളത്തിൽ പലയിടങ്ങളിൽ നിന്നായി ഒഴുകിയെത്തിയ കുളവാഴകളാണ് കായലിന്റെ അടിത്തട്ടിൽ വരെ അടിഞ്ഞ് കൂടി കിടക്കുന്നത്. മുകളിൽ നിന്ന് കുളവാഴകളെ നീക്കാനുള്ള മത്സ്യത്തൊഴിലാളികളുടെയും ശ്രമവും വിഫലമായി. ഇനി കടലിൽ നിന്ന് വേലിയേറ്ര സമയത്ത് ഉപ്പ് വെള്ളം കായലിൽ എത്തിയെങ്കിൽ മാത്രമേ കുളവാഴകൾ പൂർണമായും നശിക്കുകയുള്ളു. ഇതിന് മാസങ്ങൾ കാത്തിരിക്കേണ്ടി വരും. എല്ലാ വർഷവും കുളവാഴകളുടെ ശല്യം ഉണ്ടാകാറുണ്ടെങ്കിലും ഇക്കുറി നേരത്തെ കുളവാഴകൾ കായലിൽ അടിഞ്ഞ് കൂടിയതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.