കൊട്ടാരക്കര: തിരക്കേറിയ പുലമൺ സ്വകാര്യ ബസ് സ്റ്റേഷൻ ഗ്രൗണ്ടിലെ സ്ലാബുകൾ തകർന്നത് വാഹനങ്ങൾക്കും യാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്നു. നിത്യേന നൂറിൽപരം സ്വകാര്യ ബസുകൾ വന്നുപോകുന്ന ഈ ബസ് സ്റ്റേഷനുള്ളിലൂടെയാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ നിന്ന് മറ്റു സ്ഥാപനങ്ങളിൽ നിന്നും മലിന ജലം ഒഴുക്കിവിടുന്ന ഓട കടന്നു പോകുന്നത്. ഈ ഓടയുടെ മുകളിലുള്ള സ്ളാബാണ് തകർന്നത്. തകർന്ന സ്ളാബ് പുന സ്ഥാപിച്ച് അപകട സാദ്ധ്യത ഇല്ലാതാക്കുന്നതിന് പകരം പ്ളാസ്റ്റിക് കഷണം കൊണ്ട് കുഴി മറക്കാനാണ് ബന്ധപ്പെട്ടവർ ശ്രമിച്ചത്. ശക്തമായ മഴയിൽ ബസ് സ്റ്റേഷൻ ഗ്രൗണ്ടിലൂടെ ജലം നിരന്നൊഴുകുമ്പോൾ യാത്രക്കാർ അറിയാതെ ഈ ഓടയിലെ കുഴിയിൽ വീണ് അപകട സാദ്ധ്യത കൂടുതലാണ്. എത്രയും വേഗം സ്ളാബ് മാറ്റി വാഹനങ്ങളെയും യാത്രക്കാരെയും സംരക്ഷിക്കാൻ നഗരസഭ അധികൃതർ തയ്യാറാകണമെന്ന് സ്വകാര്യ ബസ് ഓർപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.