nc
ദേശീയ പാതയിൽ വവ്വക്കാവ് ജംഗ്ഷനിൽ അശാസ്ത്രീയമായി സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് പോയിൻ്റ്

തഴവ: ദേശീയ പാതയിൽ വവ്വക്കാവ് ജംഗ്ഷനിലെ അശാസ്ത്രീയ ഗതാഗത നിയന്ത്രണ സംവിധാനം വൻ അപകടക്കെണിയാകുന്നു. കരുനാഗപ്പള്ളി ദേശീയപാതയിലെ ഗതാഗത നവീകരണത്തിന്റെ ഭാഗമായായിരുന്നു വവ്വ ക്കാവ് ജംഗ്ഷനിലും ട്രാഫിക് സിഗ്നൽ സംവിധാനം ഏർപ്പെടുത്തിയത്. എന്നാൽ മതിയായ മുന്നൊരുക്കങ്ങളോ ,പഠനമോ ഇല്ലാതെ നിലവിൽ വരുത്തിയ പരിഷ്ക്കരണ നടപടി യാത്രക്കാർക്ക് ദുരിതമായിത്തീർന്നു. തിരക്കേറിയ വവ്വക്കാവ് ജംഗ്ഷനിൽ റോഡ് വീതി കുറഞ്ഞ് പൊതുവേ ഇടുങ്ങിയ അവസ്ഥയാണ്. ഇവിടെ ഗതാഗത നിയന്ത്രണമേർപ്പെടുത്തുന്നതിന്റെ ഭാഗമായി റോഡിന് വീതി വർദ്ധിപ്പിയ്ക്കുന്നതിനോ, ഡിവൈഡറുകൾ സ്ഥാപിയ്ക്കുന്നതിനോ അധികൃതർ തയ്യാറായില്ല. ഇതോടെ തെക്ക് നിന്ന് വരുന്ന ഇരുചക്രവാഹന യാത്രക്കാർ ഉൾപ്പടെയുള്ളവർ ജംഗ്ഷനിൽ നിന്ന് വലത് വശത്തേയ്ക്ക് മുറിച്ചു കടക്കാൻ റോഡിന്റെ മദ്ധ്യഭാഗത്ത് ജീവൻ പണയം വെച്ച് കാത്ത് നിൽക്കേണ്ട സ്ഥിതിയാണ്.

സുരക്ഷാ ക്രമീകരണങ്ങളില്ല

ഡിവൈഡർ ഉൾപ്പടെ യാതൊരു സുരക്ഷാ ക്രമീകരണവുമില്ലാത്തതിനാൽ ട്രാഫിക് പോയിന്റിൽ തന്നെ വാഹനങ്ങൾ ഓവർ ടേക്കിംഗിന് ശ്രമിയ്ക്കുന്നതും ഇവിടെ അപകട ഭീഷണിയായിരിക്കുകയാണ്. വടക്കുനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ അനുകൂല സിഗ്‌നൽ ലഭിച്ചാൽ ട്രാഫിക് ലൈറ്റ് മുറിച്ച് കടന്ന് അഞ്ച് മീറ്ററിനുള്ളിൽ തന്നെ ജംഗ്‌ഷനിലെ ബസ് സ്റ്റോപ്പിൽ നിറുത്തുന്നത് പിന്നാലെയെത്തുന്ന മറ്റ് വാഹനങ്ങൾക്ക് വൻ ഭീഷണിയായിരിക്കുകയാണ്. വലതു വശത്തേക്ക് തിരിയുവാനുള്ള വാഹനങ്ങൾ റോഡിൽ സിഗ്നൽകാത്ത് കിടക്കുന്നതിനാൽ നിറുത്തിയിട്ടിരിക്കുന്ന ബസിനെ മറ്റ് വാഹനങ്ങൾക്ക് ഓവർ ടേക്ക് ചെയ്യുവാൻ പോലും കഴിയാത്ത അവസ്ഥയാണ്.

ഉപയോഗശൂന്യമായി ഉൾനാടൻ റോഡ്

വവ്വക്കാവ് പ്രധാന ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്ന ഒരു ഉൾനാടൻ റോഡ് നവീകരണത്തോടെ ഏതാണ്ട് ഉപയോഗശൂന്യമായ അവസ്ഥയിലാണ്. വടക്കുനിന്ന് വരുന്ന വാഹനങ്ങൾക്ക് ഉൾനാടൻ റോഡിലേക്ക് തിരിയുവാനുള്ള വാഹനങ്ങൾക്കും റോഡിൽ നിന്ന് പുറത്തേക്ക് വരുന്ന വാഹനങ്ങൾക്കും ദേശീയപാത മുറിച്ചു കടക്കുന്നതിന് യാതൊരു സംവിധാനവും ഇവിടെ ഏർപ്പെടുത്തിയിട്ടില്ല .ട്രാഫിക് ലൈറ്റിന് അൽപ്പം മാത്രം ദൂരെയുള്ള വള്ളിക്കാവ് റോഡിലേക്ക് ദേശീയ പാത മുറിച്ച് കടക്കേണ്ടവരും അപകടക്കെണി കടന്നു പോകേണ്ട ദുരവസ്ഥയാണ്.