photo
കുന്നത്തൂർ പാലത്തിന് നിറംപൂശിയപ്പോൾ

കൊല്ലം: കൈവരികൾക്ക് വെള്ളയും ഇടയ്ക്ക് നീലയും നിറംപൂശി.​ അത്യാവശ്യ അറ്റകുറ്റപ്പണികളും നടത്തി. കുന്നത്തൂർ പാലം അങ്ങനെ അണിഞ്ഞൊരുങ്ങി. ജീർണാവസ്ഥയിലെന്ന് തോന്നിപ്പിച്ചിരുന്ന പാലം പുതുമോടിയിലെത്തിയത് നാട്ടുകാർക്കും സുന്ദരകാഴ്ചയായി. ഇരുവശത്തെയും കൈവരികളിലടക്കം നിറം പൂശിയതോടെ പാലത്തിന് പുതുമ കൈവന്നു. ശാസ്താംകോട്ട​ , കൊട്ടാരക്കര റോഡിന്റെ നവീകരണം നടന്നുവരികയാണ്. ഈ റോഡിലെ ഏറ്റവും പ്രധാനപ്പെട്ട പാലമാണ് കുന്നത്തൂരിലേത്. അര നൂറ്റാണ്ടിലധികം പഴക്കമുള്ള പാലത്തിന് കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടന്നിരുന്നില്ല. 1965ൽ ആണ് കല്ലടയാറിന് കുറുകെ കൊട്ടാരക്കര, കുന്നത്തൂർ താലൂക്കുകളെ ബന്ധിപ്പിക്കുന്ന പാലം നാടിനായി സമർപ്പിച്ചത്. ചീഫ് എൻജിനീയർ ടി.എസ്.നാരായണ സ്വാമിയാണ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 424 അടി നീളവും 22 അടി വീതിയുമുള്ള പാലത്തിന് അന്ന് അഞ്ച് ലക്ഷം രൂപ മാത്രമേ നിർമ്മാണച്ചെലവ് വന്നിട്ടുള്ളൂവെന്ന് ശിലാഫലകം ഓർമ്മപ്പെടുത്തുന്നു.

മാർത്താണ്ഡ വർമ്മ പൊളിച്ച പഴയ പാലം

പവിത്രേശ്വരം​ കുന്നത്തൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടാണ് പാലം രണ്ട് താലൂക്കുകളെയും കൂട്ടിവിളക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇതിനോട് ചേർന്ന് മറ്റൊരു പാലമുണ്ടായിരുന്നു. എട്ടുവീട്ടിൽ പിള്ളമാരെ ഭയന്ന് പാങ്ങോട് ക്ഷേത്രത്തിൽ അഭയം തേടിയ മാർത്താണ്ഡവർമ്മ മഹാരാജാവ് പാലത്തിൽക്കൂടി കല്ലടയാറിന്റെ മറുകരയിലെത്തുകയും പാലം പൊളിച്ചുവെന്നുമാണ് കഥ. ഈ പഴയ പാലത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ശേഷിക്കുന്നുണ്ട്. ആറ്റിൽ വെള്ളത്തിന്റെ തോത് കുറയുമ്പോൾ പഴയ പാലത്തിന്റെ അവശിഷ്ടങ്ങൾ തെളിഞ്ഞുകാണാം.

കർഷകരുടെ ആശ്രയം

പണ്ട് പുത്തൂരിലാണ് ജില്ലയിലെ പ്രധാന കാർഷിക ചന്ത പ്രവ‌ർത്തിച്ചിരുന്നത്. ആനലേലം വരെ നടന്നിട്ടുള്ള പേരുകേട്ട ചന്തയാണിത്. വെറ്റച്ചന്തയെന്ന പേരുമുണ്ട്. ഇപ്പോഴും വെറ്റില വില്പനയ്ക്ക് ആഴ്ചയിൽ രണ്ടുദിനം കർഷകർ ഇവിടെ എത്താറുണ്ട്. കുന്നത്തൂർ,​ ശാസ്താംകോട്ട,​ ചവറ മേഖലയിലുള്ളവർ സാധനങ്ങൾ വാങ്ങാനും വില്ക്കാനും എത്തിയിരുന്നത് കല്ലടയാറിന് കുറുകെയുള്ള കുന്നത്തൂർ പാലം വഴിയാണ്. മാർത്താണ്ഡവർമ്മ പാലം പൊളിച്ചതോടെ കർഷകരും വ്യാപാരികളുമാണ് ഏറെ ബുദ്ധിമുട്ടിയത്. പിന്നീട് താത്കാലിക പാലമുണ്ടാക്കി അക്കരെയിക്കരെ കടന്നു. ശാശ്വതമായ പാലം വരാൻ 1965 വരെ കാക്കേണ്ടി വന്നു.