പുനലൂർ: പ്രണയം നടിച്ച് എട്ടാം ക്ലാസുകാരിയായ 13കാരിയെ തട്ടി കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിലെ കാമുകനെയും സുഹൃത്തിനെയും തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. കാമുകനായ പുനലൂർ തൊളിക്കോട് സ്വദേശി ആൽബിൻ, സുഹൃത്തായ പുനലൂർ പേപ്പർ മിൽ സ്വദേശി മഹേഷ് എന്നിവരെയാണ് തെന്മല സി.ഐ.വിനോദ്, എസ്.ഐ.ഡി.ജെ.ശാലു എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു പീഡനം നടന്നതെന്ന് എസ്.ഐ പറഞ്ഞു. ഇടമൺ സത്രം ജംഗ്ഷനിൽ എത്തിച്ച വിദ്യാർത്ഥിയെ സമീപത്തെ റബർ തോട്ടത്തിലെത്തിച്ചാണ് പീഡിപ്പിച്ചത്. മകളെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാവ് പൊലീസിന് പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കാമുകനായ ആൽബിനെയും സുഹൃത്ത് മഹേഷിനെയും ചൊവ്വാഴ്ച രാത്രിയിൽ തന്നെ പിടി കൂടിയത്. എന്നാൽ സംഭവത്തിന് ശേഷം പീഡനത്തിനിരയായ വിദ്യാർത്ഥിനി വീട്ടിലെത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒരു പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നു.